ഏക സിവിൽകോഡ് നടപ്പാക്കാനൊരുങ്ങി മധ്യപ്രദേശ്
text_fieldsഭോപാൽ: ഉത്തരാഖണ്ഡിനും ഗുജറാത്തിനും അസമിനും പിന്നാലെ ഏകീകൃത സിവിൽകോഡ് നടപ്പാക്കാനൊരുങ്ങി മധ്യപ്രദേശിലെ ബി.ജെ.പി സർക്കാറും. പൊതുജനങ്ങളുടെയും മത-സാമൂഹിക സംഘടനകളുടെയും നിർദേശങ്ങൾ കൂടി പരിഗണിച്ച് സംസ്ഥാനത്ത് ഏകീകൃത സിവിൽകോഡ് ഉടൻ പ്രാബല്യത്തിൽ വരുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു.
പുതുതായി ആരംഭിച്ച വെബ്സൈറ്റ് വഴി പൊതുജനങ്ങളിൽ നിന്നും അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കും. വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള ആറംഗ സമിതിയാവും ഏക സിവിൽകോഡിൽ ഉൾപ്പെടുത്തേണ്ട നിർദേശങ്ങൾ മത, സാമൂഹിക നേതാക്കളിൽ നിന്നും സ്വീകരിക്കുന്നതും, കരട് ബില്ല് തയാറാക്കുന്നതും.
റിട്ട. ജസ്റ്റിസ് രഞ്ജന പ്രസാദ് ദേശായിയുടെ നേതൃത്വത്തിലുള്ള സംഘം ജില്ലകളിൽ ക്യാമ്പ് ചെയ്ത് സമൂഹത്തിലെ എല്ലാ വിഭാഗക്കാരിൽ നിന്നുള്ള അഭിപ്രായങ്ങൾ തേടി തുടങ്ങിയതായി മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ജില്ലകളിലും സന്ദർശനം നടത്തുന്ന സംഘം, ഏകീകൃത സിവിൽകോഡ് കരട് ബിൽ തയാറാക്കി സർക്കാറിൽ സമർപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപ്പാക്കുന്നതിലേക്കുള്ള നീക്കങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുജനങ്ങളുടെ നിർദേശങ്ങൾ വെബ്സൈറ്റിൽ പങ്കുവെക്കണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

