ഭർത്താവിനെ ഉറക്കഗുളിക നൽകിയ ശേഷം ഷോക്കടിപ്പിച്ച് കൊന്നു; 63കാരിയായ കോളജ് പ്രഫസർ പിടിയിൽ
text_fieldsകൊല്ലപ്പെട്ട ഡോക്ടർ നീരജ് പഥക്കും പിടിയിലായ പ്രഫ. മമത പഥക്കും
ഭോപാൽ: ഡോക്ടറായ ഭർത്താവിനെ ഉറക്കഗുളിക നൽകിയ ശേഷം ഷോക്കടിപ്പിച്ച് കൊന്ന കേസിൽ 63കാരിയായ കോളജ് പ്രഫസറെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഛത്തർപുരിൽ ഗവ. മഹാരാജ കോളജിൽ കെമിസ്ട്രി പ്രഫസറായ മമത പഥക് ആണ് അറസ്റ്റിലായത്. കുടുംബവഴക്കിനെ തുടർന്ന് ഇവർ ഭർത്താവായ ഡോ. നീരജ് പഥക്കിനെ (65) കൊലപ്പെടുത്തുകയായിരുന്നെന്നും പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.
ഏപ്രിൽ 29ന് ഛത്തർപുർ സിവിൽ ലൈൻ പൊലീസ് സ്റ്റേഷൻ ഏരിയയിലെ ലോക്നാഥ്പുരം കോളനിയിലായിരുന്നു കേസിനാസ്പദമായ സംഭവം. നഗരത്തിലെ പ്രമുഖ ഡോക്ടറായ നീരജ് പഥകിന്‍റെ സ്വഭാവത്തിൽ ഭാര്യക്ക് സംശയമുണ്ടായിരുന്നെന്നും ഇതേച്ചൊല്ലി ഇവർക്കിടയിൽ വഴക്ക് പതിവായിരുന്നെന്നും പൊലീസ് പറയുന്നു. സംഭവദിവസവും ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് വൈകീട്ട് ഏഴോടെ നീരജിന് ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി നൽകി മയക്കിയ ശേഷം ശരീരത്തിൽ വൈദ്യുത വയറുകൾ ഘടിപ്പിച്ച ശേഷം മമത ഷോക്കടിപ്പിച്ച് മരണം ഉറപ്പാക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
കൊലപാതകം നടത്തി രണ്ട് ദിവസം കഴിഞ്ഞാണ് പ്രഫസർ ഭർത്താവിന്‍റെ മരണവിവരം പൊലീസിൽ അറിയിക്കുന്നത്. നീരജിനും തനിക്കും മകൻ നിതേഷിനും ഒരാഴ്ചയായി പനിയായിരുന്നെന്നും ഏപ്രിൽ 30ന് രാവിലെ താനും മകനും ഝാൻസിയിലേക്ക് ചികിത്സയ്ക്കായി പോയെന്നുമാണ് ഇവർ പൊലീസിനോട് പറഞ്ഞത്. തിരികെ എത്തി ഭക്ഷണം നൽകാൻ നോക്കിയപ്പോൾ ഭർത്താവിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നെന്നും ഇവർ പറഞ്ഞു.
എന്നാൽ മരണം സംഭവിച്ച് രണ്ടുദിവസമായെന്ന സംശയം തോന്നിയതോടെ പൊലീസ് വിശദമായ അന്വേഷണം നടത്തുകയായിരുന്നെന്ന് ഛത്തർപുർ ജില്ല പൊലീസ് സൂപ്രണ്ട് സചിൻ ശർമ്മ പറഞ്ഞു. മമതയുടെ പെരുമാറ്റത്തിലെ അസ്വാഭാവികതയും പൊലീസിൽ സംശയമുണർത്തി. തുടർന്ന് ഈമാസം ഏഴിന് ഇവരെ കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യംചെയ്യലിൽ ഭർത്താവിനെ ഷോക്കടിപ്പിച്ച് കൊല്ലുകയായിരുന്നെന്ന് ഇവർ സമ്മതിച്ചതായി പൊലീസ് സൂപ്രണ്ട് പറഞ്ഞു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

