ന്യൂഡൽഹി: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. ചൗഹാൻ തന്നെയാണ് രോഗബാധ സ്ഥിരീകരിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
സമ്പർക്കത്തിലായ എല്ലാവരും കോവിഡ് ടെസ്റ്റ് നടത്തണമെന്നും ക്വാറൻറീനിൽ പോകണമെന്നും ആവശ്യപ്പെട്ടു. പ്രതിദിന കോവിഡ് അവലോകന യോഗത്തിൽ വീഡിയോ കോൺഫറൻസിങ്ങിലൂടെ പങ്കെടുക്കുമെന്നും ശിവരാജ് സിങ് ചൗഹാൻ വ്യക്തമാക്കി.
മധ്യപ്രദേശിൽ 25,474 പേർക്കാണ് കോവിഡ് ബാധിച്ചത്. 780 പേർ രോഗം ബാധിച്ച് മരിച്ചു. 17,359 പേർ രോഗമുക്തി നേടി. മധ്യപ്രദേശിൽ കമൽനാഥിൻെറ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാറിനെ അട്ടിമറിച്ചാണ് ശിവരാജ് സിങ് ചൗഹാൻ മധ്യപ്രദേശ് മുഖ്യമന്ത്രിയായത്. കോൺഗ്രസ് നേതാവായിരുന്ന ജോതിരാദിത്യ സിന്ധ്യയെ കൂറുമാറ്റിയാണ് ബി.ജെ.പി സംസ്ഥാനത്ത് ഭരണം പിടിച്ചെടുത്തത്.