മധ്യപ്രദേശിൽ ഏക സിവിൽ കോഡ് കരട് ബില്ലിന് അംഗീകാരം; തിങ്കളാഴ്ച നിയമസഭയുടെ വർഷകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും
text_fieldsമോഹൻ യാദവ്
ഭോപാൽ: ഏക സിവിൽ കോഡ് ബില്ലിന്റെ കരടിന് അംഗീകാരം നൽകി മധ്യപ്രദേശ് മന്ത്രിസഭ. തിങ്കളാഴ്ച തുടങ്ങുന്ന വർഷകാല സമ്മേളനത്തിൽ ബിൽ നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് പ്രഖ്യാപിച്ചു.
സ്ത്രീ ശാക്തീകരണത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് ബിൽ അവതരണമെന്ന് ജഗദീഷ്പൂരിൽ ചേർന്ന പ്രത്യേക മന്ത്രിസഭ യോഗത്തിനു ശേഷം യാദവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മുസ്‍ലിംകൾക്കിടയിലെ 80 ശതമാനം സ്ത്രീകളും 40 ശതമാനം പുരുഷന്മാരും ബില്ലിനെ പിന്തുണക്കുന്നുണ്ട്. നിയമപ്രകാരം പുരുഷന്മാരുടെ വിവാഹ പ്രായം 21, സ്ത്രീകളുടേത് 18 ആയിരിക്കും. വിവാഹ രജിസ്ട്രേഷൻ നിർബന്ധമാണ്. സാമൂഹിക സൗഹാർദവും വനിത ശാക്തീകരണവും ദേശീയ ഐക്യവും ലക്ഷ്യമിടുന്ന ബില്ലിനെ എല്ലാ പാർട്ടികളും രാഷ്ട്രീയത്തിനതീതമായി പിന്തുണക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവാഹം, ലിവിങ്-ഇൻ ബന്ധങ്ങൾ, ദത്തെടുക്കൽ, വാടക ഗർഭധാരണം, എ.ആർ.ടി എന്നിവയിലൂടെ ജനിക്കുന്ന എല്ലാ കുട്ടികൾക്കും തുല്യമായ നിയമപരമായ പദവി ഈ നിയമം ഉറപ്പാക്കുന്നുണ്ടെന്നും യാദവ് വ്യക്തമാക്കി.
സർക്കാർ നിയമിച്ച മുൻ സുപ്രീംകോടതി ജഡ്ജി രഞ്ജന പ്രകാശ് ദേശായ് അധ്യക്ഷനായ സമിതിയാണ് സംസ്ഥാനത്തിന് വേണ്ടി ഏകീകൃത സിവിൽ കോഡിന്റെ കരട് തയാറാക്കിയത്. ബി.ജെ.പി, ആം ആദ്മി പാർട്ടി, ഇടതുപക്ഷ പാർട്ടികൾ എന്നിവർ സമിതിക്ക് മുന്നിൽ നിലപാടുകൾ അവതരിപ്പിച്ചതായും എന്നാൽ, എല്ലാറ്റിനെയും ഹിന്ദു-മുസ്‌ലിം, വോട്ട് ബാങ്ക് കാഴ്ചപ്പാടിലൂടെ മാത്രം നോക്കിക്കാണുന്ന കോൺഗ്രസ് വിട്ടുനിന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

