ഉദ്ധവ് താക്കറെയെ പോലുള്ള ഒറ്റുകാരെ വീട്ടിൽ ഇരുത്തി; ശിവസേന നേതാവിനെ രൂക്ഷമായി വിമർശിച്ച് അമിത് ഷാ
text_fieldsന്യൂഡൽഹി: ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഷിർദിയിൽ നടന്ന ബി.ജെ.പി എക്സിക്യൂട്ടീവ് യോഗത്തിലാണ് വിമർശനം. ഉദ്ധവിനെ പോലുള്ള വഞ്ചകരെ ബി.ജെ.പി വീട്ടിൽ ഇരുത്തിയെന്ന് അമിത് ഷാ പറഞ്ഞു. ശിവസേന ഉദ്ധവ് വിഭാഗം വീണ്ടും ബി.ജെ.പിയുമായി അടുക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് അമിത് ഷായുടെ വിമർശനം.
കുടുംബാധിപത്യ രാഷ്ട്രീയത്തിനും വഞ്ചനക്കുമാണ് പ്രതിപക്ഷത്തുള്ള പാർട്ടികൾ മുൻഗണന നൽകുന്നത്. ഈ രാഷ്ട്രീയത്തെയാണ് 2024ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ ജനങ്ങൾ തിരസ്കരിച്ചതെന്നും അദ്ദേഹം പറഞ്ഞു.തെരഞ്ഞെടുപ്പ് ഫലത്തോടെ യഥാർഥ ശിവസേന ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ളതാണെന്നത് തെളിഞ്ഞുവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
1978ൽ തന്നെ വഞ്ചനയുടെ രാഷ്ട്രീയം പയറ്റിയ ആളാണ് ശരത് പവാറെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ശരത് പവാറിന്റെ പാരമ്പര്യത്തെ തെരഞ്ഞെടുപ്പിൽ കുഴിച്ചുമൂടി. അജിത് പവാർ ഇപ്പോൾ ബി.ജെ.പിയുടെ പ്രധാന പങ്കാളിയാണെന്നും അമിത് ഷാ പറഞ്ഞു.
ഇൻഡ്യ സഖ്യത്തിൽ വിള്ളൽ ഉള്ളതിനാലാണ് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം ഒറ്റക്ക് തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നത്. പശ്ചിമബംഗാൾ, ഡൽഹി, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രശ്നങ്ങൾ ഇൻഡ്യ സഖ്യത്തിന് തിരിച്ചടിയാണെന്നും അമിത് ഷാ ആരോപിച്ചു.
നിയമസഭ തെരഞ്ഞെടുപ്പിൽ വൻ നേട്ടമാണ് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം നേടിയത്. 288 സീറ്റുകളിൽ 230 എണ്ണത്തിലും അവർ വിജയിച്ചിരുന്നു. 132 സീറ്റുകൾ ബി.ജെ.പി ഒറ്റക്ക് നേടുകയായിരുന്നു. 46 സീറ്റുകൾ മാത്രം നേടാനാണ് മഹാ വികാസ് അഖാഡി സഖ്യത്തിന് കഴിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

