വിമാനത്തിൽ ഓക്സിജൻ മാസ്ക് ധരിച്ച് സോണിയ ഗാന്ധി; ചിത്രങ്ങൾ പുറത്തുവിട്ട് രാഹുൽ
text_fieldsന്യൂഡൽഹി: വിമാനത്തിൽ ഓക്സിജൻ മാസ്ക് ധരിച്ചിരിക്കുന്ന സോണിയ ഗാന്ധിയുടെ ചിത്രങ്ങൾ പങ്കുവെച്ച് രാഹുൽ ഗാന്ധി. അമ്മ കടുത്ത സമ്മർദത്തിലായിരുന്നുവെന്ന കുറിപ്പോടെയാണ് രാഹുൽ ചിത്രം പങ്കുവെച്ചത്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു രാഹുൽ ഗാന്ധി ചിത്രം പങ്കുവെച്ചത്.
ന്യൂഡൽഹിയിലേക്ക് സോണിയ ഗാന്ധിയേയും രാഹുലിനേയും വഹിച്ച് നീങ്ങിയ വിമാനം ഭോപ്പാൽ എയർപോർട്ടിൽ എമർജൻസി ലാൻഡിങ് നടത്തിയിരുന്നു. ഇതിനിടെയാണ് സോണിയ ഗാന്ധിക്ക് ഓക്സിജൻ മാസ്ക് ഉപയോഗിക്കേണ്ടി വന്നത്. എമർജൻസി ലാൻഡിങ് നടത്തിയിട്ടില്ലെന്നും പ്രിയോറിറ്റി ലാൻഡിങ്ങാണ് നടത്തിയതെന്നുമാണ് ഇതുസംബന്ധിച്ച് വിമാനത്താവള അധികൃതരുടെ വിശദീകരണം.
ബംഗളൂരുവിൽ വിശാല പ്രതിപക്ഷ ഐക്യ യോഗത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് വിമാനം ഭോപ്പാൽ എയർപോർട്ടിൽ ഇറക്കിയത്. അതേസമയം, എന്തുകൊണ്ടാണ് വിമാനം എമർജൻസി ലാൻഡിങ് നടത്തിയതെന്ന് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. സാങ്കേതിക തകരാറാണ് വിമാനത്തിന്റെ എമർജൻസി ലാൻഡിങ്ങിലേക്ക് നയിച്ചതെന്നാണ് സൂചന.

