‘ഞങ്ങൾ ലഗേജുകൾ പാക്ക് ചെയ്തു, ഉടൻ തന്നെ മാറും’; മുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഢ് ഔദ്യോഗിക വസതിയിൽ നിന്ന് മാറാൻ വൈകിയതിന്റെ കാരണമിതാണ്
text_fieldsന്യൂഡൽഹി: ഔദ്യോഗിക വസതിയിൽ അനുവദനീയമായ സമയത്തിനപ്പുറം താമസിച്ചതിനെക്കുറിച്ചുള്ള വിവാദത്തിന്റെ പശ്ചാത്തലത്തിൽ അതിന്റെ കാരണം വ്യക്തമാക്കിയും വിവാദത്തിൽ ദു:ഖം പ്രകടിപ്പിച്ചും മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്. ലഗേജുകൾ പാക്ക് ചെയ്തതായും ഭാര്യയോടും കുട്ടികളോടും ഒപ്പം ഉടൻ പുതിയ താമസസ്ഥലത്തേക്ക് മാറുമെന്നും അദ്ദേഹം പറഞ്ഞു.
‘ഞങ്ങൾ ഞങ്ങളുടെ ലഗേജ് പാക്കു ചെയ്തുവെച്ചതാണ്. ചില ലഗേജുകൾ ഇതിനകം പുതിയ വീട്ടിലേക്ക് മാറ്റി. ചിലത് ഇവിടെ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരിക്കുന്നു’-ജസ്റ്റിസ് ചന്ദ്രചൂഢ് ബംഗ്ലാവിൽ താൻ അധികകാലം താമസിച്ചതിന്റെ കാരണങ്ങൾ വിശദീകരിച്ചുകൊണ്ട് പറഞ്ഞു. വീൽചെയർ സൗഹൃദ വീട് ആവശ്യമുള്ള തന്റെ പെൺമക്കളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ചന്ദ്രചൂഢിന്റെ രണ്ടു പെൺമക്കളും ഭിന്നശേഷിക്കാരാണ്.
‘ഞാൻ പരാമർശിക്കാൻ ആഗ്രഹിക്കുന്ന ഒരു കാര്യം, ഞങ്ങൾ രണ്ട് കുട്ടികളുടെ മാതാപിതാക്കളാണ്. പ്രിയങ്കയും മഹിയും. അവർ ഭിന്നശേഷി കുട്ടികളാണ്. അവർക്ക് പ്രത്യേകമായ ആവശ്യങ്ങളുണ്ട്. അവർക്ക് നെമാലിൻ മയോപ്പതി എന്ന ഒരു രോഗാവസ്ഥയുണ്ട്. നിങ്ങൾക്കറിയാമോ? ഇത് അസ്ഥികൂട പേശികളെ ബാധിക്കുന്ന വളരെ അപൂർവമായ ഒരു ജനിതക വൈകല്യമാണ് -അദ്ദേഹം തുടർന്നു.
‘അതിനാൽ വീട്ടിൽ പോലും ഞങ്ങൾ ഉയർന്ന നിലവാരത്തിലുള്ള ശുചിത്വം പാലിക്കുന്നു. അവരെ പരിപാലിക്കാൻ വളരെ വിദഗ്ദ്ധയായ ഒരു നഴ്സുണ്ട്. വീടുജോലിക്ക് തുടർന്നും തയ്യാറാണെന്ന് അവർ എന്നോട് പറഞ്ഞാലുടൻ ഞങ്ങൾ സ്ഥലം മാറും. ഇക്കാരണങ്ങളാൽ ഇപ്പോളിത് രണ്ട് ദിവസത്തേക്കുള്ള കാര്യമാണ്. ഒരുപക്ഷേ പരമാവധി രണ്ടാഴ്ച. 2021ലും 2022 ജനുവരിയിലും മൂത്ത മകൾ പ്രിയങ്ക ചണ്ഡീഗഢിലെ പി.ജി.ഐ ആശുപത്രിയിൽ 44 ദിവസം ഐ.സിയുവിൽ കഴിഞ്ഞ കാര്യവും ജസ്റ്റിസ് ചന്ദ്രചൂഢ് ഓർമിച്ചു.
‘ഞങ്ങൾ ഷിംലയിൽ ഒരു അവധിക്കാലം ആഘോഷിക്കുമ്പോൾ അവൾക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടായി. ഇപ്പോളവൾക്ക് ഒരു ട്രാക്കിയോസ്റ്റമി ട്യൂബ് ഘടിപ്പിച്ചിരിക്കുകയാണ്. വേദനക്കും സംസാര നിയന്ത്രണത്തിനും പുറമെ തന്റെ കുട്ടികളുടെ പതിവ് ശ്വസന, നാഡീ സംബന്ധമായ ചികിത്സകളെക്കുറിച്ചും മുൻ ചീഫ് ജസ്റ്റിസ് പരാമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

