സമാജ്‍വാദി പാർട്ടി എം.പി ഡിംപിൾ യാദവ് കയറിയ വിമാനത്തിന് സാങ്കേതിക തകരാർ; റൺവേയിൽ നിന്നും മാറ്റി
text_fieldsലഖ്നോ: യു.പി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ യാദവ് സഞ്ചരിച്ച വിമാനത്തിന് സാങ്കേതിക തകരാർ. ശനിയാഴ്ച ടേക്ക് ഓഫ് ചെയ്യാൻ ഒരുങ്ങുന്നതിനിടെയാണ് സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടത്. റൺവേയിൽ നിന്നും മാറ്റിയ വിമാനം പിന്നീട് പരിശോധനകൾക്ക് വിധേയമാക്കി.
കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ ലഖ്നോവിലെ ചൗധരി ചരൺസിങ് വിമാനത്താവളത്തിലായിരുന്നു സംഭവം. ഇൻഡിഗോയുടെ 6E-2111 വിമാനത്തിലാണ് സാങ്കേതിക തകരാർ കണ്ടത്. 151 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ടേക്ക് ഓഫിന് ആവശ്യമായ പവർ വിമാനത്തിൽ നിന്നും ലഭിക്കാത്തതിനെ തുടർന്ന് എയർ ട്രാഫിക് കൺട്രോളിനെ ഉടൻ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് എമർജൻസി ബ്രേക്ക് ഉപയോഗിച്ച് വിമാനം നിർത്തി.
പെട്ടെന്ന് വിമാനം നിർത്തിയത് ആശങ്കക്ക് കാരണമായെന്ന് സമാജ്‍വാദി പാർട്ടി നേതാവ് സൂരജ് സിങ് വ്യക്തമാക്കി. സാങ്കേതിക തകരാറാണ് ഉണ്ടായതെന്നും യാത്രക്കാർക്ക് പകരം സംവിധാനം ഏർപ്പെടുത്തുമെന്ന് ജീവനക്കാർ ഉറപ്പ് നൽകിയെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന് പിന്നാലെ യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ഡൽഹിയിൽ എത്തിച്ചുവെന്നു അധികൃതർ അറിയിച്ചു.
വിമാനയാത്രയിൽ തടസ്സം നേരിട്ടതിൽ ഖേദം പ്രകടിപ്പിച്ച് ഇൻഡിഗോ രംഗത്തെത്തി. എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചാണ് യാത്രക്കാരെ പുറത്തെത്തിച്ചതെന്ന് ഇൻഡിഗോ അറിയിച്ചു. റൺവേയിൽ നിന്നും സഞ്ചരിക്കാൻ സാധിക്കാതിരുന്ന വിമാനത്തിൽ വിശദമായ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

