ലഖ്നൗവിൽ യന്ത്ര ഊഞ്ഞാൽ പൊട്ടിവീണ് അഞ്ച് പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം; ഓപ്പറേറ്ററുടെ അനാസ്ഥയെന്ന് ആരോപണം
text_fieldsലഖ്നൗ: ലഖ്നൗവിലെ സാവൻ മഹോത്സവ് മേളക്കിടെ അമ്യൂസ്‌മെന്റ് റൈഡിലുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ട് പെൺകുട്ടികളുടെ നില ഗുരുതരമാണ്. യന്ത്ര ഊഞ്ഞാലിന്‍റെ ബക്കറ്റ് അപ്രതീക്ഷിതമായി തകർന്ന് താഴേക്ക് വീണതാണ് അപകടത്തിന് കാരണമായത്.
ചൊവ്വാഴ്ച രാത്രി ഇന്ദിരാനഗറിലെ സ്മൈൽഗഞ്ചിലായിരുന്നു സംഭവം. മേളക്കെത്തിയ പതിനാലുകാരിയായ പെൺകുട്ടി തന്റെ സഹോദരങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം യന്ത്ര ഊഞ്ഞാലിൽ കയറിയതായിരുന്നു. റൈഡ് അതിവേഗത്തിൽ കറങ്ങിക്കൊണ്ടിരിക്കെ പെട്ടെന്ന് ഒരു ബക്കറ്റ് വേർപെട്ട് താഴേക്ക് വീഴുകയായിരുന്നു. ഈ ബക്കറ്റ് പതിനാലുകാരിയുടെ മുഖത്താണ് പതിച്ചത്. ഇടിയുടെ ആഘാതത്തിൽ പെൺകുട്ടിക്ക് ഗുരുതരമായ പരിക്കേറ്റു.
അപകടം നടന്ന ഉടൻ തന്നെ റൈഡ് നിർത്തണമെന്ന് യാത്രക്കാർ അപേക്ഷിച്ചെങ്കിലും ഓപ്പറേറ്റർ അതിന് തയ്യാറായില്ലെന്ന് പരിക്കേറ്റവരുടെ ബന്ധുക്കൾ ആരോപിക്കുന്നു. റൈഡ് തുടർന്നും കറങ്ങിക്കൊണ്ടിരുന്നതിനാൽ തകർന്നു വീണ ബക്കറ്റിന്റെ ഭാഗം അടുത്തുണ്ടായിരുന്നവരുടെ ദേഹത്തുകൂടി തട്ടുകയായിരുന്നു. ജനങ്ങൾ ബഹളം വെച്ചതിനെത്തുടർന്നാണ് ഒടുവിൽ റൈഡ് നിർത്തിയത്. അപ്പോഴേക്കും അഞ്ച് പേർക്ക് പരിക്കേറ്റിരുന്നു.
അപകടം നടന്ന ഉടൻ തന്നെ ഇവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. അഞ്ച് പേരിൽ മൂന്നുപേരെ പ്രാഥമിക ചികിത്സക്ക് ശേഷം ഡിസ്ചാർജ് ചെയ്തു. രണ്ട്പേർ ഇപ്പോഴും ചികിത്സയിലാണ്. ഒരു പെൺകുട്ടിക്ക് ശരീരത്തിൽ പലയിടത്തായി ഒടിവുകൾ സംഭവിച്ചതായി ഡോക്ടർമാർ വ്യക്തമാക്കി. സംഭവത്തിന് ശേഷം മേളയുടെ നടത്തിപ്പുകാരൻ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞതായി കുടുംബാംഗങ്ങൾ ആരോപിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

