ജമ്മു കശ്മീർ സർക്കാറുമായി പുതിയ ഏറ്റുമുട്ടലിന് തുടക്കമിട്ട് ലെഫ്റ്റനന്റ് ഗവർണർ: അമർനാഥ് തീർഥാടകർക്കുള്ള ഹെലികോപ്ടർ സർവിസ് നിരോധിച്ചു; രോഷം പ്രകടിപ്പിച്ച് ഉമർ അബ്ദുല്ല
text_fieldsശ്രീനഗർ: അമർനാഥ് തീർഥാടകർക്ക് ഹെലികോപ്ടർ സർവിസുകൾ നിരോധിക്കാനുള്ള ലെഫ്റ്റനന്റ് ഗവർണറുടെ തീരുമാനം കശ്മീരിനെക്കുറിച്ച് തെറ്റായ സന്ദേശം നൽകുമെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉപദേശപ്രകാരം ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ എടുത്ത തീരുമാനത്തോടുള്ള ഉമറിന്റെ എതിർപ്പ് കേന്ദ്രത്തോടുള്ള തുറന്ന വെല്ലുവിളിയെ സൂചിപ്പിക്കുന്നതായി.
പഹൽഗാം ഭീകരാക്രമണത്തിനുശേഷമുള്ള അമർനാഥ് യാത്ര ജൂലൈ 3ന് ആരംഭിക്കും. ദിവസങ്ങൾ അടുക്കവെ, തിങ്കളാഴ്ച ലഫ്റ്റനന്റ് ഗവർണർ അമർനാഥ് ഗുഹാക്ഷേത്രത്തിലേക്കുള്ള യാത്രാ മാർഗങ്ങളെ ‘പറക്കൽ നിരോധിത മേഖലകൾ’ ആയി പ്രഖ്യാപിക്കുകയും ജൂലൈ 1 മുതൽ ആഗസ്റ്റ് 10 വരെ യു.എ.വികൾ, ഡ്രോണുകൾ, ബലൂണുകൾ എന്നിവയുൾപ്പെടെയുള്ള ഏതെങ്കിലും തരത്തിലുള്ള വ്യോമയാന ഉപകരണങ്ങൾ നിരോധിക്കുകയും ചെയ്തു.
യാത്രക്ക് രണ്ട് റൂട്ടുകളുണ്ട്. പരമ്പരാഗത പഹൽഗാം റൂട്ടും ചെറിയ ബാൽതാൽ റൂട്ടും. ഇവക്കു മുകളിലൂടെയുളള ഹെലികോപ്ടർ സർവിസുകളെക്കുറിച്ച് ഉത്തരവിൽ മൗനം പാലിച്ചെങ്കിലും ഹെലികോപ്ടറും നിർദേശത്തിന്റെ പരിധിയിൽ വരുമെന്ന സൂചന നൽകി.
തൊട്ടുപിന്നാലെ ഈ നീക്കത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് ഉമർ അബ്ദുല്ല രംഗത്തുവന്നു. അമർനാഥ് യാത്ര ആരംഭിക്കാൻ പോകുന്നു എന്നത് നല്ല കാര്യമാണെന്നും അത് സുഗമമായി നടക്കണമെന്ന് തങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ‘എന്നാൽ, എനിക്ക് വിചിത്രമായി തോന്നുന്നത് ഒരു കാര്യം മാത്രമാണ്. ഈ വർഷം ഹെലികോപ്ടർ സർവിസുകൾ അനുവദനീയമല്ല എന്നതാണത്. ഇത് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങൾക്ക് തെറ്റായ സന്ദേശം നൽകും.
‘ഈ തീരുമാനം കൈകൊള്ളാൻ കാരണമായ ഇന്റലിജൻസ് വിവരങ്ങൾ എനിക്ക് ലഭിച്ചിട്ടില്ല. പഹൽഗാമിലൂടെയും ബാൽതാൽ വഴിയും ഹെലികോപ്ടർ സർവിസുകൾക്ക് അനുമതി ലഭിക്കാത്തത് വർഷങ്ങൾക്ക് ശേഷം ഇതാദ്യമാണെന്ന് ഞാൻ കരുതുന്നു. ഇവിടുത്തെ സ്ഥിതിഗതികൾ സംബന്ധിച്ച് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് തെറ്റായ സന്ദേശം അയക്കരുത്’- ഉമർ കൂട്ടിച്ചേർത്തു.
സിൻഹയുടെ നേതൃത്വത്തിലുള്ള ശ്രീ അമർനാഥ് ദേവാലയ ബോർഡ് ബുധനാഴ്ച തീർത്ഥാടകർക്ക് ഹെലികോപ്ടർ സർവിസുകൾ ലഭ്യമാകില്ലെന്ന് സ്ഥിരീകരിച്ചു. ‘2025 ജൂൺ 16ലെ ഉത്തരവിൽ പഹൽഗാം, ബാൽതാൽ ഉൾപ്പെടെ ശ്രീ അമർനാഥ് യാത്രയുടെ എല്ലാ റൂട്ടുകളും ജൂലൈ 1 മുതൽ ഓഗസ്റ്റ് 10, 2025 വരെ പറക്കൽ നിരോധിത മേഖലയായി ബന്ധപ്പെട്ട അതോറിറ്റി പ്രഖ്യാപിച്ചു. തൽഫലമായി 2025 ലെ ശ്രീ അമർനാഥ് യാത്രയിൽ തീർത്ഥാടകർക്കുള്ള ഹെലികോപ്ടർ സേവനങ്ങൾ യാത്രാ മേഖലയിൽ ലഭ്യമാകില്ല’ എസ്.എ.എസ്.ബി അതിന്റെ വെബ്‌സൈറ്റിൽ പറയുന്നു.
തിങ്കളാഴ്ച കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്റെ നേതൃത്വത്തിൽ ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ തപൻ കുമാർ ദേക, ജമ്മു കശ്മീർ ചീഫ് സെക്രട്ടറി അടൽ ഡുള്ളു, പൊലീസ് ഡയറക്ടർ ജനറൽ നളിൻ പ്രഭാത്, 15 കോർപ്സ് കമാൻഡിങ് ജനറൽ ഓഫിസർ പ്രശാന്ത് ശ്രീവാസ്തവ എന്നിവർ പങ്കെടുത്ത യോഗത്തെ തുടർന്നാണ് ഈ തീരുമാനമെടുത്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

