ന്യൂഡൽഹി: സാമ്പത്തിക പ്രയാസത്തെ തുടർന്ന് വിദ്യാഭ്യാസം മുന്നോട്ടുപോകുന്നത് സംബന്ധിച്ച പ്രതിസന്ധിയെ ഭയന്ന് ഡൽഹി സർവകലാശാലക്കു കീഴിലുള്ള ലേഡി ശ്രീറാം കോളജ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു.
സാമ്പത്തിക പ്രതിസന്ധി കാരണം ബുദ്ധിമുട്ടുന്ന കുടുംബത്തിന് ഭാരമാവാനില്ലെന്ന് എഴുതിവെച്ചാണ് നവംബര്‍ രണ്ടിന് തെലങ്കാന സ്വദേശിയായ ഐശ്വര്യ (19) വീട്ടിൽ തൂങ്ങിമരിച്ചത്.
പ്ലസ്ടു പരീക്ഷയിൽ 98.5 ശതമാനം മാർക്ക് നേടിയ െഎശ്വര്യ സിവിൽ സർവിസ് സ്വപ്നം കണ്ടാണ് ഡൽഹിയിൽ ഉന്നത വിദ്യാഭ്യാസത്തിനായി എത്തിയത്.
ഇതിനിടെ കോവിഡ് കാരണം ക്ലാസ് ഒാൺലൈൻ സംവിധാനത്തിലേക്ക് മാറിയതോടെ ലാപ്ടോപ് വാങ്ങാൻ കഴിയാതെ വന്നതാണ് ആത്മഹത്യയിലേക്ക് നയിച്ചത്. ലഭിച്ചുകൊണ്ടിരുന്ന സ്കോളർഷിപ് വൈകിയതോടെ ലാപ്ടോപ് വാങ്ങാമെന്ന പ്രതീക്ഷ ഇല്ലാതാവുകയായിരുന്നു. 'ലാപ്ടോപ് ഏറ്റവും ആവശ്യമായിവരുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. എനിക്ക് ലാപ്ടോപില്ല.
പ്രാക്ടിക്കല്‍ പേപ്പറുകള്‍ അറ്റൻഡ് ചെയ്യാന്‍ സാധിക്കുന്നില്ല. ഈ പേപ്പറുകളില്‍ ഞാന്‍ പരാജയപ്പെടുമോ എന്ന് പേടിയുണ്ട്. സാമ്പത്തിക പ്രതിസന്ധി കാരണം പഠനം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഉറപ്പില്ല. കുടുംബത്തിന് ഭാരമാകാന്‍ വയ്യ. പഠനമില്ലാതെ ജീവിക്കാന്‍ സാധിക്കില്ല.' എന്നിങ്ങനെയാണ് െഎശ്വര്യ ആത്മഹത്യക്കുറിപ്പിൽ പറയുന്നത്.
വീടും ആകെയുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും പണയംവെച്ചാണ് മകളെ പഠനത്തിന് അയച്ചതെന്ന് പിതാവ് പറഞ്ഞു. അതിനിടെ, വിദ്യാർഥികൾക്ക് സ്കോളർഷിപ് വൈകുന്നതിൽ ഡൽഹിയിൽ എൻ.എസ്.യു, എസ്.എഫ്.െഎ തുടങ്ങിയ വിദ്യാർഥി സംഘടനകൾ പ്രതിഷേധിച്ചു.