പ്രതിപക്ഷ നേതാവ് മരാദ്യ ലംഘിക്കുന്നുവെന്ന് ഓം ബിർല; സ്പീക്കർ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്ന് രാഹുൽ
text_fieldsന്യൂഡൽഹി: സ്പീക്കർ ഓം ബിർല ലോക്സഭയിൽ സംസാരിക്കാൻ തന്നെ അനുവദിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രതിപക്ഷ നേതാവ് മരാദ്യയോടെ പെരുമാറുന്നില്ലെന്ന സ്പീക്കറുടെ പരാമർശത്തിനു പിന്നാലെ മാധ്യമങ്ങളോടായിരുന്നു രാഹുലിന്‍റെ പ്രതികരണം.
“എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. മറുപടി പറയാനുണ്ടെന്ന് അറിയിച്ചെങ്കിലും കേൾക്കാൻ കാത്തുനിൽക്കാതെ സ്പീക്കർ സഭയിൽനിന്ന് പോയി. അനാവശ്യമായി സഭ പിരിച്ചുവിട്ട് അദ്ദേഹം മടങ്ങി. എപ്പോഴൊക്കെ എഴുന്നേൽക്കുമ്പോഴും, എനിക്ക് സംസാരിക്കാൻ അനുമതി ലഭിക്കാറില്ല. കഴിഞ്ഞ ഏഴെട്ടു ദിവസമായി ഒരക്ഷരം മിണ്ടാൻ എന്നെ അനുവദിച്ചിട്ടില്ല. ഇതൊരു പുതിയ തന്ത്രമാണ്. പ്രതിപക്ഷത്തിന് അവസരം നിഷേധിക്കുക. പ്രധാനമന്ത്രി കുംഭമേളയുടെ വിജയത്തേക്കുറിച്ച് സംസാരിച്ച ദിവസം എനിക്കും സംസാരിക്കാനുണ്ടായിരുന്നു. തൊഴിലില്ലായ്മയെ കുറിച്ചായിരുന്നു അത്. എന്നാൽ അനുവദിച്ചില്ല. തികച്ചും ജനാധിപത്യ വിരുദ്ധമായ നടപടിയാണ് സ്പീക്കറുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്” -രാഹുൽ ഗാന്ധി പറഞ്ഞു.
അതേസമയം സഭ പിരിച്ചുവിടുന്നതിനു മുമ്പ് പ്രതിപക്ഷത്തിനു നേരെ രൂക്ഷ വിമർശനമാണ് സ്പീക്കർ ഉന്നയിച്ചത്. “പ്രതിപക്ഷ നേതാവ് ഉൾപ്പെടെ പല അംഗങ്ങളും മരാദ്യയോടെ പെരുമാറുന്നില്ല. അച്ഛനും മകളും, അമ്മയും മകളും, ഭർത്താവും ഭാര്യയുമെല്ലാം സഭയിൽ അംഗങ്ങളായിട്ടുണ്ട്. അവരെല്ലാം മര്യാദ പാലിച്ചാണ് സഭയിൽ പെരുമാറിയിട്ടുള്ളത്. പ്രതിപക്ഷ നേതാവ് ചട്ടപ്രകാരമുള്ള മര്യാദ സഭയിൽ പാലിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” -സ്പീക്കർ പറഞ്ഞു.
രാഹുലിനെ ശകാരിച്ചതിൽ പ്രതിഷേധിച്ച് കെ.സി. വേണുഗോപാലിന്‍റെ നേതൃത്വത്തിൽ 70 കോൺഗ്രസ് എം.പിമാർ സ്പീക്കറെ കണ്ടു. രാഹുലിന് വിശദീകരണത്തിന് സമയം നൽകിയില്ലെന്ന് എം.പിമാർ പറഞ്ഞു. എന്നാൽ തന്നേക്കൊണ്ട് കൂടുതൽ പറയിപ്പിക്കരുതെന്നായിരുന്നു സ്പീക്കറുടെ മറുപടി. എന്നാൽ പിന്നീട് പ്രിയങ്കയോട് വാത്സല്യത്തോടെ പെരുമാറുന്ന രാഹുലിന്‍റെ ദൃശ്യങ്ങൾ പങ്കുവെച്ച്, ഇതിനേക്കുറിച്ചാണ് സ്പീക്കർ പറഞ്ഞതെന്ന് ബി.ജെ.പി നേതാവ് അമിത് മാളവ്യ എക്സിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

