ഇന്ത്യൻ കപ്പൽ ‘സർവ ശക്തി’ ഹുർമുസ് കടന്നു, 45000 ടൺ എൽ.പി.ജി; യു.എസ് നാവിക ഉപരോധത്തിനിടെ കടലിടുക്ക് കടക്കുന്ന ആദ്യ ഇന്ത്യൻ കപ്പൽ
text_fieldsന്യൂഡൽഹി: യു.എസിന്‍റെ നാവിക ഉപരോധത്തിനിടയിലും ഹുർമുസ് കടലിടുക്ക് കടന്ന് ഇന്ത്യൻ ജീവനക്കാരുൾപ്പെട്ട കപ്പൽ. ‘സർവ ശക്തി’യെന്ന സൂപ്പർ ടാങ്കറാണ് 45,000 ടൺ എൽ.പി.ജിയുമായി ശനിയാഴ്ച രാത്രി ഹുർമുസ് കടന്നത്.
മാർച്ച് മൂന്നിന് യു.എ.ഇയിൽനിന്ന് പുറപ്പെട്ട കപ്പൽ യുദ്ധത്തെ തുടർന്ന് പേർഷ്യൻ ഗൾഫിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇന്നലെ രാത്രി ഇറാനും ഒമാന്റെ മുസന്ദം ഉപദ്വീപിനും ഇടയിലുള്ള തന്ത്രപ്രധാനമായ ഭാഗം പിന്നിട്ട് കപ്പൽ ഹുർമുസ് കടലിടുക്ക് കടന്നതായാണ് മറൈൻ ട്രാഫിക് ഡോട്ട്കോമിൽനിന്ന് ലഭിക്കുന്ന വിവരം. സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപറേഷനാണ് കപ്പലിലെ എൽ.പി.ജി വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഐ.ഒ.സി ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഏപ്രിൽ 13ന് അമേരിക്ക നാവിക ഉപരോധം ഏർപ്പെടുത്തിയശേഷം ഹുർമുസ് കടലിടുക്ക് കടക്കുന്ന ആദ്യത്തെ ഇന്ത്യൻ കപ്പലാണിത്. യുഎസ്-ഇറാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെയാണ് നാവിക ഉപരോധം ഏർപ്പെടുത്തുന്നത്.
സംഘർഷ സാഹചര്യം കണക്കിലെടുത്ത് കപ്പൽ അതിന്റെ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റത്തിൽ 'ഇന്ത്യ/ഇന്ത്യൻ ക്രൂ' എന്ന് പ്രദർശിപ്പിച്ചിരുന്നു. ഇറാൻ അംഗീകരിച്ച പാതയിലൂടെ, ഇറാൻ തീരത്തോട് ചേർന്ന് മാറിയാണ് ടാങ്കർ സഞ്ചരിച്ചത്. ഹുർമുസിൽ നിയന്ത്രണം കടുപ്പിച്ചത് ഇന്ത്യയിൽ ഊർജപ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. കഴിഞ്ഞദിവസം വാണിജ്യ ആവശ്യങ്ങൾക്കുള്ള ഗ്യാസ് സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് കൂട്ടിയത്. ഊർജ പ്രതിസന്ധിക്കിടെ ഹുർമുസ് കടന്നെത്തുന്ന എൽ.പി.ജി ടാങ്കർ നേരിയ ആശ്വാസം നൽകും.
നാവിക ഉപരോധവും സൈനിക ഭീഷണികളും കാരണം കപ്പലുകൾ ഹുർമുസ് വഴിയുള്ള യാത്ര ഒഴിവാക്കുകയാണ്. ഇതിനിടെയാണ് ഇന്ത്യൻ ജീവനക്കാർ മാത്രമുള്ള കപ്പൽ ഹുർമുസ് കടന്നതായ റിപ്പോർട്ട് പുരത്തുവരുന്നത്. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരും രണ്ടാമത്തെ വലിയ എൽ.പി.ജി ഉപഭോക്താക്കളുമാണ് ഇന്ത്യ. നേരത്തെ, കടലിടുക്കിൽ പ്രവേശിച്ച ഇന്ത്യൻ കപ്പലിനുനേരെ വെടിയുതിർക്കുന്ന സാഹചര്യം വരെയുണ്ടായിരുന്നു. ഇറാനുമായി നടത്തിയ ചർച്ചയുടെ ഭാഗമായി എട്ട് എൽ.പി.ജി കാരിയറുകർ ഹുർമുസ് കടന്ന് ഇന്ത്യയിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

