എൽ.പി.ജി പ്രതിഷേധത്തിനിടെ ലോക്സഭ ഉപധനാഭ്യര്‍ഥന ബില്ല് പാസാക്കി
text_fieldsന്യൂഡല്‍ഹി: രാജ്യം നേരിടുന്ന എൽ.പി.ജി ക്ഷാമത്തിൽ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളത്തിനിടെ ലോക്സഭ ഉപധനാഭ്യര്‍ഥന ബില്ല് ശബ്ദ വോട്ടോടെ പാസാക്കി. യുദ്ധത്തെ തുടർന്ന് പശ്ചിമേഷ്യയില്‍ ഉടലെടുത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനായി ലക്ഷം കോടിയുടെ സാമ്പത്തികസ്ഥിരതാ ഫണ്ട് ഉപധനാഭ്യര്‍ഥന ചര്‍ച്ചക്കുള്ള മറുപടിയിൽ ധനമന്ത്രി നിര്‍മല സീതാരാമൻ പ്രഖ്യാപിച്ചു.
അപ്രതീക്ഷിതമായ വെല്ലുവിളികളെ കൈകാര്യം ചെയ്യാനുള്ള കരുതല്‍ധന സ്രോതസ്സെന്ന് മന്ത്രി പറഞ്ഞു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മാര്‍ച്ച് 31 വരെയുള്ള ചെലവിലേക്കായി 30,000 കോടി രൂപ അനുവദിച്ചു. പുതുതായി കൊണ്ടുവന്ന വിബി ജി റാംജി ബില്‍ ഏപ്രില്‍ ഒന്നിന് നിലവില്‍ വരും. നടപ്പുസാമ്പത്തിക വര്‍ഷത്തെ അവശേഷിക്കുന്ന കാലയളവിലേക്കായി 2.81 ലക്ഷം കോടിയുടെ അധികചെലവിനുള്ള ധനാഭ്യര്‍ഥനയാണ് ലോക്സഭ പാസാക്കിയത്. 80,000 കോടി രൂപ കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ തന്നെയുള്ള നീക്കിയിരിപ്പാണ്.
പ്രതിരോധ മന്ത്രാലയത്തിനായി 41,822 കോടി അധികമായി അനുവദിച്ചു. രാസവള സബ്സിഡി ഇനത്തില്‍ 19,230 കോടിയുടെയും പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനക്കുകീഴില്‍ സബ്സിഡിയിനത്തില്‍ 23,641 കോടിയുടെയും അധിക വിനിയോഗത്തിനും പാര്‍ലമെന്റിന്റെ അനുമതി തേടിയതായി മന്ത്രി പറഞ്ഞു. അതേസമയം, എൽ.പി.ജി സമരം പാർലമെന്റിന് പുറത്തും പ്രതിപക്ഷം ശക്തമാക്കി. പ്രതീകാത്മക അടുപ്പുകൂട്ടിയായിരുന്നു എം.പിമാരുടെ പ്രതിഷേധം. മോദിയെ കാണാനില്ല, എൽ.പി.ജി കിട്ടാനില്ല. സറണ്ടർ മോദി സിലിണ്ടർ മോദി തുടങ്ങിയ മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

