എൽ.പി.ജി പ്രതിസന്ധി; ഭക്തരെ ഊട്ടാൻ ക്ഷേത്രങ്ങൾ വിറകടുപ്പിലേക്ക് മടങ്ങുന്നു
text_fieldsമംഗളൂരു കദ്രി ക്ഷേത്രത്തിൽ നിന്ന്
മംഗളൂരു: വാണിജ്യ എൽ.പി.ജി സിലിണ്ടറുകളുടെ ക്ഷാമം തുടരുന്നതിനാൽ കർണാടക സർക്കാർ മുസ്രായ് വകുപ്പിന് കീഴിലുള്ള പ്രമുഖ ആരാധനാലയമായ മംഗളൂരു കദ്രി മഞ്ജുനാഥ ക്ഷേത്രം വിറക് ഉപയോഗിച്ച് ഭക്തർക്ക് ഭക്ഷണം പാകം ചെയ്യാൻ തുടങ്ങിയതായി ക്ഷേത്രം ട്രസ്റ്റി ദിൽരാജ് ആൽവ പറഞ്ഞു. ക്ഷേത്രത്തിൽ പ്രതിദിനം 1500 ഓളം പേർക്ക് അന്ന പ്രസാദം (ഉച്ചഭക്ഷണം) വിളമ്പുന്നു. ഇത് ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ 3000 ആയി വർധിക്കുന്നുണ്ട്. ക്ഷേത്ര അടുക്കളയിൽ സാധാരണയായി പ്രതിദിനം 19 കിലോ ഭാരമുള്ള നാലു പാചകവാതക സിലിണ്ടറുകളാണ് ഉപയോഗിക്കാറുള്ളത്.
വാണിജ്യ സിലിണ്ടറുകളുടെ പതിവ് വിതരണം പുനഃസ്ഥാപിച്ചിട്ടില്ലാത്തതിനാൽ ക്ഷേത്രം ഇപ്പോൾ വിറക് ഉപയോഗിച്ച് എല്ലാ വിഭവങ്ങളും പാചകം ചെയ്യുകയാണ്. സിലിണ്ടർ വിതരണം പുനഃസ്ഥാപിച്ചില്ലെങ്കിൽ ചോറും രസവും മാത്രമേ പാചകം ചെയ്യാനാവൂവെന്ന് ആൽവ പറയുന്നു. അതേസമയം കുദ്രോളി ഗോകർണനാഥേശ്വര ക്ഷേത്രത്തിലെ എൽ.പി.ജി വിതരണം ഇതുവരെ താളംതെറ്റിയിട്ടില്ല. ക്ഷേത്രം പ്രതിദിനം 900 ഓളം ഭക്തർക്ക് ഭക്ഷണം നൽകുന്നുണ്ടെന്നും തിങ്കളാഴ്ചകളിൽ ഇത് 1500 ആയി വർധിക്കുന്നുണ്ടെന്നും ട്രഷറർ ആർ. പത്മരാജ് പറഞ്ഞു.
അടുക്കളയിൽ രണ്ട് ദിവസത്തിലൊരിക്കൽ മൂന്ന് സിലിണ്ടറുകൾ വരെ ഉപയോഗിക്കുന്നു, ഗ്യാസ് ഏജൻസി സമയബന്ധിതമായി വിതരണം ഉറപ്പാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവുമധികം ഭക്തർ സന്ദർശിക്കുകയും വരുമാനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയും ചെയ്യുന്ന കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തെ സിലിണ്ടർ ക്ഷാമം വലിയ രീതിയിൽ ബാധിച്ച് തുടങ്ങിയില്ലെന്ന് അസി. എക്സി. ഓഫിസർ യേശുരാജ് പറഞ്ഞു. ക്ഷേത്രത്തിന് പ്രതിദിനം 20 സിലിണ്ടറുകൾ ആവശ്യമുള്ളതിൽ 18 സിലിണ്ടറുകളാണ് ലഭിക്കുന്നത്. 8,000 മുതൽ 10,000 ഭക്തർക്കുവരെ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവ ഇവിടെ വിളമ്പുന്നു.
2025 ഏപ്രിൽ മുതൽ 47 ലക്ഷം ഭക്തർ ദർശനം നടത്തുന്നു. മുസ്രായ് വകുപ്പിന് കീഴിലുള്ള കട്ടീൽ ദുർഗാപരമേശ്വരി ക്ഷേത്രത്തിൽ പ്രതിദിനം 4000 ഭക്തർക്ക് ഭക്ഷണം നൽകുന്നു, വെള്ളിയാഴ്ചകളിൽ 15,000 ഉം ഞായറാഴ്ചകളിൽ 8,000 ഉം ആയി വർധിക്കുന്നു . അടുക്കളക്ക് പ്രതിദിനം 10-15 സിലിണ്ടറുകൾ ആവശ്യമാണ്, എൽ.പി.ജി വിതരണം തടസ്സപ്പെട്ടതിനാൽ മുൻകരുതലായി ക്ഷേത്രം വിറക് ഓർഡർ ചെയ്തിട്ടുണ്ട്. ഉഡുപ്പി ശ്രീകൃഷ്ണ മഠം ക്ഷേത്രത്തിൽ നിലവിൽ ഭക്ഷണ വിതരണം സുഗമമായി തുടരുന്നുണ്ട്. എൽ.പി.ജി സിലിണ്ടറുകൾ നിലവിൽ ലഭ്യമാണ്.
ഭാവിയിൽ ക്ഷാമം ഉണ്ടായാൽ മഠത്തിന് വിറകിലേക്ക് മാറാം. മഠത്തിന് ഇന്ധനത്തിനായി സ്വന്തമായി ഒരു വനമുണ്ട്. അടുക്കള സ്വയംപര്യാപ്തമാക്കുന്നതിനായി ഒരു ബയോഗ്യാസ് യൂനിറ്റിന്റെ നിർമാണം അന്തിമഘട്ടത്തിലാണെന്നും ഉഡുപ്പി ശിരൂർ മഠത്തിലെ ദിവാൻ ഉദയകുമാർ സരളത്തായ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

