'ആത്മാർഥതയുള്ള പ്രവർത്തകർ ഒതുക്കപ്പെടുന്നു'; ഹരിയാനയിൽ ഒരു നേതാവ് കൂടി ബി.ജെ.പി വിട്ടു
text_fieldsഛണ്ഡിഗഢ്: ഹരിയാനയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി.ജെ.പിക്ക് വീണ്ടും തിരിച്ചടി. പാർട്ടിയുടെ വൈസ് പ്രസിഡന്റ് ബി.ജെ.പി വിട്ടു. പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കാത്ത നേതാക്കൾക്ക് കൂടുതൽ പരിഗണന നൽകുന്നുവെന്ന് ആരോപിച്ചാണ് സന്തോഷ് യാദവ് പാർട്ടി വിട്ടത്.
മുൻ സ്പീക്കർ കൂടിയായ സന്തോഷ് യാദവിന്റെ രാജിയുടെ മാതൃകയിൽ കൂടുതൽ പേർ പാർട്ടി വിടുമോയെന്ന ആശങ്കയിലാണ് ബി.ജെ.പി. രണ്ടാം സ്ഥാനാർഥി പട്ടിക പുറത്തിറക്കിയതിന് പിന്നാലെ ബി.ജെ.പിയിലെ അതൃപ്തരുടെ എണ്ണം ഉയർന്നതായി റിപ്പോർട്ടുകളുണ്ട്.
അതേലി നിയമസഭ സീറ്റിൽ നിന്നും മത്സരിക്കാൻ സന്തോഷ് യാദവ് ആഗ്രഹിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ കേന്ദ്രമന്ത്രി റാവു ഇന്ദ്രജിത്തിന്റെ മകൾ ആരതി സിങ് റാവുവിനാണ് ബി.ജെ.പി സീറ്റ് നൽകിയത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന് എഴുതിയ കത്തിൽ എല്ലാകാലത്തും താൻ പാർട്ടിയുടെ തത്വങ്ങൾ അനുസരിച്ചാണ് പ്രവർത്തിച്ചിട്ടുള്ളതെന്ന് യാദവ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
എന്നാൽ, പാർട്ടി തന്നെ അവഗണിച്ചതിൽ ദുഃഖമുണ്ട്. പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കാത്തവർക്കാണ് ഇപ്പോൾ വലിയ പരിഗണന കിട്ടുന്നത്. ഇത് പാർട്ടി പ്രവർത്തകരിൽ വലിയ നിരാശയുണ്ടാക്കിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
അതേസമയം, ബി.ജെ.പിയിൽ നിന്നും നേതാക്കളുടെ പുറത്തേക്കുള്ള പോക്ക് തുടരുകയാണ്. പാർട്ടിയുടെ മറ്റൊരു വൈസ് പ്രസിഡന്റായ ജി.എൽ ശർമ്മ ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്നിരുന്നു. മുൻ ഹരിയാന മന്ത്രി ബച്ചൻ സിങ് ആര്യയും ബി.ജെ.പി വിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

