സ്കൂട്ടർ ഓടിക്കുന്നതിനിടെ കമിതാക്കളുടെ ചുംബനം; ചോദ്യം ചെയ്ത ജിം ട്രെയിനറെ തല്ലിക്കൊന്നു
text_fieldsലഖ്നോ: സ്കൂട്ടർ ഓടിക്കുന്നതിനിടെ ചുംബിച്ച കമിതാക്കളെ ചോദ്യം ചെയ്ത യുവാവിനെ അടിച്ചുക്കൊന്നു. ഉത്തർപ്രദേശിലെ സാഹിബാബാദിലാണ് സംഭവം. ജിം ട്രെയ്നറും പച്ചക്കറി മാർക്കറ്റിലെ ജീവനക്കാരനുമായ വിരാട് മിശ്ര(27) ആണ് കൊല്ലപ്പെട്ടത്. ആളുകൾ ഏറെയുള്ള സ്ഥലത്ത് വെച്ച് കമിതാക്കൾ അടുത്തിടപഴകിയതിനെ ചോദ്യം ചെയ്തതിനാണ് ഇവരും സഹപാഠികളും ചേർന്ന് യുവാവിനെ ക്രൂരമായി മർദിച്ചത്.
വിരാടിനെ ഗാസിയാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ ഡൽഹിയിലെ ആശുപത്രിയിലേക്കു മാറ്റി. എന്നാൽ രാത്രിയോടെ മരണത്തിനു കീഴടങ്ങി. സാഹിബാബാദിലെ എൽ.ആർ കോളജിനു സമീപം ശനിയാഴ്ച വൈകിട്ടാണ് വിരാടിന് മർദനമേറ്റതെന്നാണ് പൊലീസ് നൽകുന്ന വിവരം. സംഭവത്തിനു ദൃക്സാക്ഷിയായ ബണ്ടി കുമാറിന്റെ പരാതിയിലാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
'സ്കൂട്ടർ ഓടിക്കുന്നതിനിടെ മനീഷ് കുമാർ എന്നയാൾ ഒപ്പമുണ്ടായിരുന്ന യുവതിയെ ചുംബിക്കുകയായിരുന്നു. ആളുകൾ തിങ്ങിപ്പാർക്കുന്ന ഇവിടെ ഇത്തരം പ്രവൃത്തികൾ അനുവദിക്കാനാകില്ലെന്നും മറ്റെവിടെയങ്കിലും പോകാനും വിരാട് മിശ്ര ഇരുവരോടും ആവശ്യപ്പെട്ടു. ഇതിൽ കുപിതനായ മനീഷ് കുമാർ അയാളുടെ സുഹൃത്തുക്കളായ വിദ്യാർഥികളെ വിളിച്ചുവരുത്തി വടിയും ഇഷ്ടികയും ഉപയോഗിച്ച് വിരാടിനെ മർദിച്ചു. ശേഷം അവർ രക്ഷപ്പെടുകയും ചെയ്തു' – ബണ്ടി കുമാർ പരാതിയിൽ വിശദീകരിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ആറു വിദ്യാർഥികൾക്കെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. മനീഷ് കുമാറിനും ഇയാളുടെ സുഹൃത്തുക്കളായ ഗൗരവ് കസാന, മനീഷ് യാദവ്, ആകാശ് കുമാർ, വിപുൽ കുമാർ, പങ്കജ് സിങ് എന്നിവര്‍ക്കെതിരെയാണ് കേസ്. ഇവർക്കെതിരെ കൊലക്കുറ്റവും ചുമത്തുമെന്ന് സാഹിബാബാദ് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

