ബാഗ്പത് (യു.പി): വിവാഹിതരാകാൻ കോടതിയിലേക്ക് എത്തിയവർക്കു നേരെ ലവ് ജിഹാദ് ആരോപിച്ച് മർദനം. വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു യുവവാഹിനി പ്രവർത്തകരാണ് യുവതിയെയും കൂടെയുണ്ടായിരുന്ന മൂന്നു പുരുഷന്മാരെയും അഭിഭാഷകെൻറ ഒാഫിസിൽനിന്ന് ബലമായി പിടിച്ചിറക്കി തല്ലിച്ചതച്ചത്. പൊലീസ് എത്തിയെങ്കിലും മർദനം തുടർന്നു. ഉത്തർപ്രദേശിലെ ബാഗ്പതിലാണ് സംഭവം.
പഞ്ചാബിലെ ബർണാലയിൽനിന്നാണ് ഇവർ എത്തിയത്. യുവാക്കളിലൊരാളും യുവതിയും പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ എതിർപ്പുമൂലം വീടുവിട്ടതോെട പൊലീസ് കേസായി. തുടർന്നാണ് കോടതി മുഖേന നിയമപരമായി വിവാഹിതരാകാൻ വരെൻറ സഹോദരനും സുഹൃത്തുക്കൾക്കുമൊപ്പം ബാഗ്പതിലേക്ക് വന്നത്. അഭിഭാഷകെൻറ ഒാഫിസിൽ ഇവർ ഇരിക്കുന്നതായി വിവരം ലഭിച്ചതോടെ വിശ്വഹിന്ദ് പരിഷത്തുകാരും പിന്നാലെ ഹിന്ദു യുവവാഹിനി പ്രവർത്തകരും സംഘടിച്ചെത്തി.
യുവതി ഉൾപ്പെടെയുള്ളവരെ ബലംപ്രയോഗിച്ച് ഒാഫിസിൽനിന്ന് വലിച്ചിറക്കുകയും യുവാക്കളെ തല്ലിച്ചതക്കുകയും ചെയ്തു. യുവാക്കളെ റോഡിലൂടെ കഴുത്തിൽ പിടിച്ച് കൊണ്ടുപോകുന്നത് വിഡിയോ ദൃശ്യങ്ങളിലുണ്ട്. വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോഴും മർദനം തുടർന്നു. യുവാക്കളെ ജീപ്പിലിട്ടും മർദിച്ചു.
ഇത് ലവ് ജിഹാദ് ആണെന്നും സംഭവത്തിന് ജമ്മു-കശ്മീർ ബന്ധമുണ്ടെന്നും യുവതിയെ മതംമാറ്റി വിൽക്കുകയാണ് ലക്ഷ്യമെന്നും ഹിന്ദു യുവവാഹിനി നേതാക്കൾ ആരോപിച്ചു. എന്നാൽ, ലവ് ജിഹാദ് കേസാണെന്ന് ഇപ്പോൾ പറയാനാവില്ലെന്ന് ബാഗ്പത് എസ്.പി ജയപ്രകാശ് വ്യക്തമാക്കി. ‘‘കാര്യങ്ങൾ വിശദമായി അന്വേഷിക്കും. എല്ലാ സംഭവങ്ങളും ലവ് ജിഹാദായി കാണാനാവില്ല. സംഭവം പഞ്ചാബ് പൊലീസിനെ അറിയിച്ചിട്ടുണ്ട്. അവർ ഉടൻ എത്തും’’ -അദ്ദേഹം പറഞ്ഞു.