താൽക്കാലിക നഷ്ടങ്ങൾ ബാധിക്കില്ല, ആത്യന്തിക ഫലമാണ് പ്രധാനം -സംയുക്ത സേനാ മേധാവി
text_fieldsസംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ
ന്യൂഡൽഹി: താൽക്കാലിക നഷ്ടങ്ങൾ പ്രഫഷനലായ സൈന്യത്തെ ബാധിക്കില്ലെന്ന് സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ പറഞ്ഞു. ആത്യന്തിക ഫലം അത്തരം തിരിച്ചടികളേക്കാൾ പ്രധാനമാണെന്നും പുണെയിലെ സാവിത്രിഭായ് ഫൂലെ സർവകലാശാലയിൽ ‘ഭാവി യുദ്ധങ്ങളും യുദ്ധതന്ത്രങ്ങളും’ എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.
ഓപറേഷൻ സിന്ദൂറിൽ സായുധ സേനക്കുണ്ടായ നഷ്ടങ്ങളെക്കുറിച്ച് ചോദ്യമുയർന്നിരുന്നു. എന്നാൽ, ക്രിക്കറ്റ് മത്സരത്തിൽ ജയിക്കുന്ന ടീമിന് എത്ര വിക്കറ്റുകൾ നഷ്ടമായി എന്നത് ഒരു വിഷയമല്ലെന്നാണ് താൻ മറുപടി നൽകിയത് -അദ്ദേഹം പറഞ്ഞു. കഴിഞ്ഞയാഴ്ച സിംഗപ്പൂരിൽ നടന്ന പരിപാടിയിൽ, ഓപറേഷൻ സിന്ദൂറിൽ ഇന്ത്യക്ക് ചില യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടതായി അദ്ദേഹം സൂചിപ്പിച്ചിരുന്നു.
ഇന്ത്യക്കെതിരെ കൂടുതൽ ഭീകരാക്രമണങ്ങൾ നടത്തുന്നതിൽനിന്ന് പാകിസ്താനെ തടയുക എന്നതായിരുന്നു ഓപറേഷൻ സിന്ദൂറിന്റെ ലക്ഷ്യമെന്ന് ജനറൽ അനിൽ ചൗഹാൻ പറഞ്ഞു. പഹൽഗാം ഭീകരാക്രമണം ആധുനിക ലോകത്ത് അസ്വീകാര്യമായ ഒരു നിഷ്ഠുര പ്രവൃത്തിയായിരുന്നു. ഇന്ത്യയിൽ പാകിസ്താനോടുള്ള വെറുപ്പിന് ഇത് കാരണമായതായും അദ്ദേഹം കൂട്ടിച്ചേർത്തു.
തീവ്രവാദ ബന്ധം: കശ്മീരിൽ മൂന്ന് ഉദ്യോഗസ്ഥരെ പുറത്താക്കി
ജമ്മു: നിരോധിത തീവ്രവാദ സംഘടനകളായ ലശ്കർ ത്വയ്യിബ, ഹിസ്ബുൽ മുജാഹിദീൻ എന്നിവയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മൂന്ന് സർക്കാർ ജീവനക്കാരെ ജമ്മു-കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പിരിച്ചുവിട്ടു. ദേശീയ സുരക്ഷക്കായി അന്വേഷണമില്ലാതെ പിരിച്ചുവിടാൻ അനുവദിക്കുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 311(2)(സി) പ്രകാരമാണ് നടപടി. പൊലീസ് കോൺസ്റ്റബിൾ, സ്കൂൾ അധ്യാപകൻ, സർക്കാർ മെഡിക്കൽ കോളജിലെ ജൂനിയർ അസിസ്റ്റന്റ് എന്നിവരെയാണ് പിരിച്ചുവിട്ടത്. മൂവരും നിലവിൽ ജയിലിലാണ്. ഭീകര ബന്ധമുള്ള 75ലധികം സർക്കാർ ജീവനക്കാരെ ഇതുവരെ പിരിച്ചുവിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

