തമിഴ്നാട്ടിൽ വാഹനാപകടം; നവദമ്പതികളടക്കം ഏഴ് മലയാളികൾ മരിച്ചു
text_fieldsകോയമ്പത്തൂർ/മഞ്ചേശ്വരം: വേളാങ്കണ്ണി തീർഥാടകസംഘം സഞ്ചരിച്ച കാറിൽ ലോറിയിടിച്ച് ഒരു കുടുംബത്തിലെ ഏഴുപേർ മരിച്ചു. കരൂരിന് സമീപമുണ്ടായ അപകടത്തിൽ കാസർകോട് മഞ്ചേശ്വരം ബന്തിയോട് മേണ്ടക്കാപ്പ് സ്വദേശികളായ ഹെറാൾഡ് മൊന്തേരോ (52), ഭാര്യ പ്രസില്ല മൊന്തേരോ (46), മകൻ രോഹിത് മൊന്തേരോ (20), ഹെറാൾഡിെൻറ സഹോദരൻ സതറിൻ മൊന്തേരോ (30), മകൾ ഷാരോൺ (ഏഴ്), ഹെറാൾഡിെൻറ ഇളയ സഹോദരൻ ആൽവിൻ മൊന്തേരോ (29), ഹെറാൾഡിെൻറ മറ്റൊരു സഹോദരൻ ഡെൻസിലിെൻറ ഭാര്യ പുണെ സ്വദേശി റീമ (22) എന്നിവരാണ് മരിച്ചത്.
ഗുരുതര പരിക്കേറ്റ സതറിെൻറ ഭാര്യ ജേഷ്മ (26), മകൾ സാൻവി (ഒന്നര), ആൽവിൻ മൊന്തേരോയുടെ ഭാര്യ പ്രീമ (22) എന്നിവരെ കുളിത്തല സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹെറാൾഡ് മൊന്തേരോയുടെ മകൻ റോഷൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിൽ ബൈക്ക് യാത്രികൻ മയിൽ വാഹനനും പരിക്കേറ്റു. ശനിയാഴ്ച രാവിലെ ആറരയോടെ കരൂർ ജില്ലയിലെ കുളിത്തല കെ. പേൈട്ട ബൈപാസ് റോഡിൽ ലോറി മുന്നിൽ പോവുകയായിരുന്ന ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചശേഷം നിയന്ത്രണംവിട്ട് കാറിലിടിക്കുകയായിരുന്നു. സ്കോർപിയോ കാറിെൻറ മുൻഭാഗം പൂർണമായും തകർന്നു. ഏഴുപേരും തൽക്ഷണം മരിച്ചു. കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. കരൂരിൽനിന്ന് മണൽ കയറ്റി തിരുച്ചിയിലേക്ക് വന്ന ലോറിയുടെ ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. ഡ്രൈവർ ഒാടിരക്ഷപ്പെട്ടു.
ആൽവിൻ മൊന്തേരോയുടെയും പ്രീമയുടെയും വിവാഹം മേയ് ആറിനാണ് നടന്നത്. നവദമ്പതികളും കുടുംബാംഗങ്ങളും രണ്ടുദിവസം മുമ്പാണ് മണ്ടേക്കാപ്പിൽനിന്ന് വേളാങ്കണ്ണിയിലേക്ക് തീർഥാടനത്തിന് പോയത്. നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. 11 പേരാണ് കാറിലുണ്ടായിരുന്നത്. 30 വർഷത്തിലേറെയായി മഹാരാഷ്ട്രയിലെ പുണെയിലാണ് ഇവർ താമസിക്കുന്നത്. അപകടത്തെ തുടർന്ന് കരൂർ-തിരുച്ചി റോഡിൽ രണ്ടു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കുളിത്തല ഗവ. ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്ത ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
