
'രണ്ടുപേർക്കായി പൊതുജനങ്ങളെ കൊള്ളയടിക്കുന്നു' -പാചകവാതക വില വർധനവിനെതിരെ രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: രണ്ടുപേരുടെ വികസനത്തിനായി കേന്ദ്രസർക്കാർ പൊതുജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഗാർഹിക പാചക വാതക വില 50 രൂപ ഉയർത്തിയതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാചക വാതക വില വർധിപ്പിച്ച വാർത്ത പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുലിന്‍റെ ട്വീറ്റ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സബ്കാ സാത്ത്, സബ്കാ വികാസ് മുദ്രാവാക്യത്തെ ട്രോളിയായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കും പുറമെ കോർപേററ്റ് ഭീമൻമാരായ അനിൽ അംബാനിയുടെയും ഗൗതം അദാനിയുടെയും പേരെടുത്ത് പറയാതെയായിരുന്നു വിമർശനം. മോദി -അമിത് ഷാ, അംബാനി -അദാനി കൂട്ടുകെട്ടിനെതിരെ നേരത്തെയും രാഹുൽ വിമർശനമുന്നയിച്ചിരുന്നു.
കാർഷിക നിയമങ്ങൾ മോദിയുടെയും അമിത് ഷായുടെയും സുഹൃത്തുക്കൾക്ക് വേണ്ടിയാെണന്നായിരുന്നു വിമർശനം.
ഗാർഹിക ഉപേഭാക്താൾക്കുള്ള പാചക വാതക സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. ഇതോടെ ഒരു സിലിണ്ടറിന് 769 രൂപയായി. ഡിസംബറിന് ശേഷം മൂന്നാം തവണയാണ് പാചകവാതക വില കൂടുന്നത്. രാജ്യത്ത് ഇന്ധനവിലയും കുതിച്ചുയരുകയാണ്. പെട്രോൾ ലിറ്ററിന് 90 രൂപ കടന്നിരുന്നു.