Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഇത് ജനവിധിയല്ല, കൊള്ളയടി'; ബംഗാളിലെ പരാജയത്തിന് പിന്നാലെ ആഞ്ഞടിച്ച് മമത ബാനർജി

text_fields
bookmark_border
ഇത് ജനവിധിയല്ല, കൊള്ളയടി; ബംഗാളിലെ പരാജയത്തിന് പിന്നാലെ ആഞ്ഞടിച്ച് മമത ബാനർജി
cancel

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനേറ്റ അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനും ബി.ജെ.പിക്കുമെതിരെ രൂക്ഷവിമർശനവുമായി മമത ബാനർജി. ബംഗാളിൽ നടന്നത് വോട്ടെടുപ്പല്ല, മറിച്ച് കൊള്ളയാണെന്ന് മമത ആരോപിച്ചു. തങ്ങൾ ശക്തമായി തിരിച്ചുവരുമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

ബി.ജെ.പിക്ക് അസാധ്യമെന്ന് കരുതിയിരുന്ന ബംഗാളിൽ 165 സീറ്റുകൾ നേടിയാണ് പാർട്ടി അധികാരം പിടിച്ചത്. കേവല ഭൂരിപക്ഷത്തിന് 148 സീറ്റുകൾ മതി എന്നിരിക്കെയാണിത്. അതേസമയം, നാലാം ഊഴം പ്രതീക്ഷിച്ചിറങ്ങിയ മമത ബാനർജി സ്വന്തം തട്ടകമായ ഭവാനിപൂരിൽ പരാജയപ്പെട്ടു. മുൻ അനുയായിയും ബി.ജെ.പി നേതാവുമായ സുവേന്ദു അധികാരിയോട് 15,114 വോട്ടുകൾക്കാണ് മമത തോറ്റത്. നന്ദിഗ്രാമിന് പിന്നാലെ ഭവാനിപൂരിലും മമതയെ വീഴ്ത്തി സുവേന്ദു കരുത്തുകാട്ടി.

എന്നാൽ നൂറിലധികം സീറ്റുകൾ ബി.ജെ.പി കൊള്ളയടിച്ചതാണെന്ന് മമത ആരോപിച്ചു. "തെരഞ്ഞെടുപ്പ് കമ്മീഷൻ ബി.ജെ.പിയുടെ കമ്മീഷനായി മാറി. കേന്ദ്ര സേനയെയും ഭരണകൂടത്തെയും ഉപയോഗിച്ച് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ചേർന്ന് നടത്തിയ നിയമവിരുദ്ധമായ അട്ടിമറിയാണിത്. ഇത് ധാർമ്മികമായ വിജയമല്ല," മമത പറഞ്ഞു. വോട്ടർ പട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് ആളുകളെ നീക്കം ചെയ്ത എസ്.ഐ.ആർ നടപടി തൃണമൂലിനെ തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും അവർ ആവർത്തിച്ചു. 92 ശതമാനത്തിന് മുകളിൽ പോളിങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നതായാണ് തൃണമൂലിന്റെ വാദം.

അതേസമയം ബംഗാളിലെവിജയത്തിന് പിന്നാലെ ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് നടന്ന ആഘോഷ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവർത്തകരെ അഭിസംബോധന ചെയ്തു. "ഗംഗാനദി ബിഹാറിൽ നിന്ന് ഒഴുകി ഗംഗാസാഗറിലെത്തുമെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു. ഇന്ന് ഗംഗോത്രി മുതൽ ഗംഗാസാഗർ വരെ താമര വിരിഞ്ഞു കഴിഞ്ഞു. ബംഗാൾ ഇപ്പോൾ ഭയത്തിൽ നിന്ന് മുക്തമായിരിക്കുന്നു. ബംഗാൾ മാറിപ്പോയി" മോദി പറഞ്ഞു. അസമിലെ തുടർച്ചയായ മൂന്നാം വിജയത്തെയും അദ്ദേഹം പ്രശംസിച്ചു.

തെരഞ്ഞെടുപ്പിന് മുന്നോടിയായി ഐ-പാക് ഓഫീസുകളിൽ ഇ.ഡി റെയ്ഡ് നടന്നതും മമത ബാനർജി നേരിട്ടെത്തി രേഖകൾ കൊണ്ടുപോയതും വലിയ വിവാദമായിരുന്നു. ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിച്ചുവെന്നാരോപിച്ച് ഫാൽട്ട മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പുനർപോളിങ് പ്രഖ്യാപിച്ചിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - "Loot, Loot, Loot. We'll Bounce Back": Mamata Banerjee On Shock Bengal Loss
Next Story