Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാർട്ടി വിടാൻ 30 കോടി വാഗ്‌ദാനം ചെയ്തു: സെന്തിൽ ബാലാജിക്കും സഹോദരനുമെതിരെ ലുക്ക് ഔട്ട് നോട്ടീസ്

text_fields
bookmark_border
Sentil Balaji and MK Stalin
cancel
camera_alt

സെന്തിൽ ബാലാജിയും എം.കെ. സ്റ്റാലിനും

ചെന്നൈ: ടി.വി.കെ (തമിഴക വെട്രി കഴകം) എം.എൽ.എയെ 30 കോടി രൂപ നൽകി പ്രലോഭിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ ഡി.എം.കെ നേതാവും മുൻ മന്ത്രിയുമായ വി. സെന്തിൽ ബാലാജിക്കും സഹോദരൻ വി. അശോക് കുമാറിനും തമിഴ്‌നാട് പൊലീസ് സമൻസ് അയച്ചു. ഇരുവരും ഒളിവിലാണെന്ന റിപ്പോർട്ടുകളെത്തുടർന്ന്, രാജ്യം വിടുന്നത് തടയാൻ പൊലീസ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. ജൂലൈ 6ന് ട്രിപ്ലിക്കേൻ പൊലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരാകാനാണ് സെന്തിൽ ബാലാജി, അശോക് കുമാർ എന്നിവർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇവരെ കണ്ടെത്താനാകാത്തതിനെത്തുടർന്ന് കരൂരിലെ വസതിയിലെത്തി മാതാപിതാക്കൾക്ക് പൊലീസ് സമൻസ് കൈമാറുകയായിരുന്നു.

ടി.വി.കെ ഉത്തങ്കരൈ എം.എൽ.എ ഡോ. എൻ. ഇളയരാജയെ ഫോണിൽ ബന്ധപ്പെട്ട്, നിയമസഭയിൽ സ്പീക്കർ ജെ.സി.ഡി. പ്രഭാകറിനെതിരെ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണക്കുന്നതിനായി 30 കോടി രൂപ വാഗ്‌ദാനം ചെയ്തു എന്നതാണ് ഇരുവർക്കുമെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസ്. കേസിൽ മൂന്ന് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ സെന്തിൽ ബാലാജിയുടെയും അശോക് കുമാറിന്റെയും നിർദ്ദേശപ്രകാരമാണ് പ്രവർത്തിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സഹോദരൻ അശോക് കുമാർ ഇതിനോടകം മദ്രാസ് ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ആരോപണമുണ്ട്.

2025 സെപ്റ്റംബർ 27ന് ടി.വി.കെ നേതാവ് സി. ജോസഫ് വിജയ് പങ്കെടുത്ത കരൂരിലെ റാലിയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരണപ്പെട്ടിരുന്നു. ഈ അപകടത്തിന് പിന്നിൽ സെന്തിൽ ബാലാജിയാണെന്ന് ടി.വി.കെ ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് അദ്ദേഹം സി.ബി.ഐക്ക് മുമ്പാകെ ഹാജരായിരുന്നു. കൂടാതെ, മുൻ എ.ഐ.എ.ഡി.എം.കെ സർക്കാരിന്റെ കാലത്ത് ഗതാഗത മന്ത്രിയായിരുന്നപ്പോൾ നടന്ന ജോലി തട്ടിപ്പ് കേസിലും സെന്തിൽ ബാലാജി ഒരു വർഷത്തിലേറെ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് ട്രാൻസ്ഫോർമർ വാങ്ങിയതിൽ അഴിമതി നടന്നെന്നാരോപിച്ച് നിലവിൽ സി.ബി.ഐ അന്വേഷണവും സെന്തിൽ നേരിടുന്നുണ്ട്.

2026 ഏപ്രിലിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സി. ജോസഫ് വിജയിയുടെ നേതൃത്വത്തിലുള്ള ടി.വി.കെ വലിയ വിജയം കൈവരിച്ചിരുന്നു. തമിഴ്‌നാട്ടിൽ ദ്രാവിഡ പാർട്ടികളുടെ ദശാബ്ദങ്ങൾ നീണ്ട ആധിപത്യത്തിന് വിരാമമിട്ടുകൊണ്ടാണ് വിജയ് സർക്കാർ അധികാരത്തിലേറിയത്. വരാനിരിക്കുന്ന ജൂലൈ 10ന് കരൂരിലെ റാലി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ സന്ദർശിക്കാൻ മുഖ്യമന്ത്രി വിജയ് കരൂരിലെത്തുന്നുണ്ട്. ഈ സന്ദർഭത്തിൽ ഉയർന്നുവന്ന പുതിയ കേസ് രാഷ്ട്രീയമായി വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Lookout notice issued against Senthil Balaji and his brother for offering Rs 30 crore to leave the party
Next Story