സിൽക്യാര ടണൽ രക്ഷാപ്രവർത്തനം
text_fieldsഉത്തര കാശിയിലെ സിൽക്യാരയിൽ റോഡ് നിർമാണത്തിനിടെ തുരങ്കത്തിലകപ്പെട്ട 41 തൊഴിലാളികളെ 17 ദിവസത്തെ പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി. നവംബർ 12ന് പുലർച്ചെയാണ് ബ്രഹ്‌മഖൽ-യമുനോത്രി ഹൈവേയിൽ നിർമാണത്തിലിരുന്ന സിൽക്യാര-ദണ്ഡൽഗാവ് തുരങ്കത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണ് തൊഴിലാളികൾ അപകടത്തിൽപെട്ടത്. കേന്ദ്ര ഹൈവേ മന്ത്രാലയത്തിന്റെ ചാർധാം പദ്ധതിയുടെ ഭാഗമാണ് റോഡ് നിർമാണം. ടണൽ പൂർത്തിയായാൽ ഉത്തരകാശിയിൽനിന്ന് യമുനോത്രി ധാമിലേക്കുള്ള ദൂരം വലിയതോതിൽ കുറയുമെന്നതാണ് തുരങ്കത്തിന്റെ നേട്ടം.
പർവതമേഖലയിൽ രക്ഷാപ്രവർത്തനത്തിന് നേരിടേണ്ടിവന്നത് സമാനതകളില്ലാത്ത പ്രതിസന്ധികളായിരുന്നു. പത്തോളം വിദഗ്ധ വിഭാഗങ്ങളും അന്താരാഷ്ട്ര സംഘടനകളിലെ വിദഗ്ധരും കൈകോർത്ത് ഇറങ്ങി തടസ്സങ്ങൾ തരണം ചെയ്യാൻ ശ്രമിച്ചു. ഇത്ര വലിയതോതിലുള്ള, ദിവസങ്ങൾ നീണ്ട രക്ഷാപ്രവർത്തനം രാജ്യത്ത് അസാധാരണമായിരുന്നു. അതിനാൽ ഈ ദൗത്യം എത്രമാത്രം വിജയകരമാവുമെന്ന കടുത്ത ആശങ്കയിലായിരുന്നു രാജ്യം. ദൗത്യസംഘത്തിന്റെ യന്ത്രങ്ങൾ പ്രവർത്തിക്കുമ്പോൾ തുരങ്കം നിർമിക്കുന്ന മലയിലെ താരതമ്യേന ബലംകുറഞ്ഞ പാറകൾ കൂടുതൽ തകർന്നത് ആശങ്ക വർധിപ്പിച്ചു. നിർമാണത്തിന്റെ ഭാഗമായ, തുരങ്കത്തിൽ കുടുങ്ങിയ ഇരുമ്പുപാളികൾ പല തവണ മുറിച്ചുനീക്കേണ്ടിവന്നതും രക്ഷാപ്രവർത്തകർ ലക്ഷ്യത്തിലേക്കെത്തുന്നത് വൈകിപ്പിച്ചു. യന്ത്രങ്ങൾ പണിമുടക്കിയപ്പോൾ റാറ്റ്ഹോൾ മൈനേഴ്സ് എന്ന കൽക്കരി ഖനി തൊഴിലാളികളാണ് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഇരുമ്പുപൈപ്പിലെ അവശിഷ്ടങ്ങൾ നീക്കി തുരങ്കത്തിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

