ലോക്സഭ തെരഞ്ഞെടുപ്പ്: ജെ.ഡി.എസ് സഖ്യത്തിന് കോൺഗ്രസ് അംഗീകാരം
text_fieldsബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിൽ കർണാടകയിൽ ജെ.ഡി.എസുമായി സഖ്യംചേർന്ന് മത്സരിക്കാനുള്ള തീരുമാനം കോൺഗ്രസ് നേതൃത്വം അംഗീകരിച്ചു. ഇതോടെ തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് കനത്ത വെല്ലുവിളിയാകും. സഖ്യസർക്കാർ ഏകോപന സമിതി അധ്യക്ഷനായ സിദ്ധരാമയ്യ ഉൾപ്പെടെയുള്ള സംസ്ഥാന നേതാക്കൾ ഡൽഹിയിൽ കോൺഗ്രസ് നേതൃത്വവുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. സീറ്റുകൾ കൈമാറുന്നത് സംബന്ധിച്ച് ജെ.ഡി.എസ് നേതാക്കളുമായി ചർച്ച നടത്തി അന്തിമ തീരുമാനമെടുക്കും.
തീരുമാനത്തെ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി സ്വാഗതംചെയ്തു. കോൺഗ്രസ് അഖിലേന്ത്യ നേതൃത്വവുമായി നടന്ന ചർച്ചയിൽ എ.ഐ.സി.സി ജനറൽ െസക്രട്ടറി കെ.സി. വേണുഗോപാൽ, മല്ലികാർജുൻ ഖാർഗെ, കർണാടക കോൺഗ്രസ് പ്രസിഡൻറ് ദിനേശ് ഗുണ്ടു റാവു എന്നിവർ പങ്കെടുത്തു. 2014ൽ കർണാടകയിൽ ആകെയുള്ള 28 ലോക്സഭ സീറ്റുകളിൽ കോൺഗ്രസ് ഒമ്പതിലും ജെ.ഡി.എസ് രണ്ടു സീറ്റുകളിലുമാണ് വിജയിച്ചത്. 17 സീറ്റിൽ വിജയിച്ച ബി.ജെ.പി ഇത്തവണയും തികഞ്ഞ പ്രതീക്ഷയിലാണ്.
എന്നാൽ, സഖ്യത്തിലൂടെ ബി.ജെ.പിക്ക് ചുരുങ്ങിയത് ആറു സീറ്റെങ്കിലും ഇത്തവണ നഷ്ടമായേക്കും. കഴിഞ്ഞതവണ കോൺഗ്രസ് വിജയിച്ച ഒമ്പതു സീറ്റുകളും നിലനിർത്തിക്കൊണ്ടുള്ള ധാരണയായിരിക്കും ജെ.ഡി.എസുമായി ഉണ്ടാകുക. ബാക്കിയുള്ള 19 സീറ്റുകൾ കൈമാറുന്നത് സംബന്ധിച്ചായിരിക്കും ജെ.ഡി.എസും കോൺഗ്രസും ചർച്ച നടത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
