ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ അണക്കെട്ടു പദ്ധതിയുമായി ബന്ധപ്പെട്ട കരാര്‍ ഇടപാടു വഴി 450 കോടി രൂപ വെട്ടിക്കാന്‍ ഒത്താശചെയ്ത കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു രാജിവെക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്‍റില്‍ ആവശ്യപ്പെട്ടു. റിജിജു, നോട്ടു പ്രശ്നം തുടങ്ങിയ വിഷയങ്ങളില്‍ തട്ടി പാര്‍ലമെന്‍റിന്‍െറ ഇരുസഭകളും ബുധനാഴ്ചയും സ്തംഭിച്ചു.
വെള്ളിയാഴ്ച ശീതകാല സമ്മേളനം അവസാനിക്കാനിരിക്കെയാണ് വീണ്ടുമൊരു ദിവസം കൂടി പാര്‍ലമെന്‍റ് സമ്മേളനം ബഹളത്തില്‍ കലാശിച്ചത്. ഈ സമ്മേളന കാലയളവില്‍ നോട്ടുപ്രശ്നംമൂലം ഒരു ദിവസംപോലും നടപടികള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ ഇരുസഭകളിലും കഴിഞ്ഞില്ല. അഴിമതിരഹിത സുതാര്യഭരണം വാഗ്ദാനം ചെയ്ത് അധികാരത്തില്‍ വന്ന നരേന്ദ്ര മോദി തന്‍െറ മന്ത്രിസഭയിലെ ഒരംഗത്തിനെതിരെ ഉയര്‍ന്ന ആരോപണം അവഗണിക്കുകയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി. നോട്ട് പ്രശ്നവും ആവര്‍ത്തിച്ച അവര്‍ സഭയുടെ നടുത്തളത്തിലിറങ്ങി. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍ എന്നിവയുടെ എം.പിമാരാണ് നടുത്തളത്തില്‍ എത്തിയത്. ലോക്സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി തുടങ്ങിയവര്‍ ഉണ്ടായിരുന്നു. ആദ്യം നിര്‍ത്തിവെച്ച സഭ അര മണിക്കൂറിനുശേഷം വീണ്ടും സമ്മേളിച്ചപ്പോഴും ബഹളം തുടര്‍ന്നതിനാല്‍ ദിവസത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ സുമിത്ര മഹാജന്‍ അറിയിച്ചു.
അതേസമയം, കരാര്‍ പണിയിലെ ക്രമക്കേട് സംബന്ധിച്ച് സി.ബി.ഐക്കും കേന്ദ്ര വിജിലന്‍സ് കമീഷനും റിപ്പോര്‍ട്ട് നല്‍കിയതിന്‍െറ പേരില്‍ മന്ത്രിയും ബി.ജെ.പിയും തന്നോട് രാഷ്ട്രീയ പകപോക്കല്‍ നടത്തിയെന്ന് ഗുജറാത്ത് കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സതീഷ് വര്‍മ കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലില്‍ പരാതി നല്‍കിയ വിവരം പുറത്തുവന്നു. ഊര്‍ജമന്ത്രാലയത്തിന് കീഴിലുള്ള വടക്കുകിഴക്കന്‍ ഊര്‍ജ കോര്‍പറേഷന്‍ കേന്ദ്ര വിജിലന്‍സ് ഓഫിസര്‍ സ്ഥാനത്തുനിന്നുതന്നെ കാലാവധിക്കു ഒരു വര്‍ഷം മുമ്പ് സ്ഥലം മാറ്റുകയാണ് ചെയ്തതെന്ന് അദ്ദേഹം പരാതിയില്‍ പറഞ്ഞിട്ടുണ്ട്. അനധികൃതമായി ജോലിക്ക് ഹാജരായില്ളെന്ന കാരണം പറഞ്ഞാണ് സ്ഥലം മാറ്റിയത്. കിരണ്‍ റിജിജുവിന്‍െറ ബന്ധുവും കരാറുകാരനുമായ ഗൊബോയ് റിജിജു തന്‍െറ മേല്‍ സമ്മര്‍ദം ചെലുത്താന്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിന്‍െറ ഓഡിയോ ടേപ് ട്രൈബ്യൂണലില്‍ സതീഷ് വര്‍മ ഹാജരാക്കിയിട്ടുണ്ട്. ഗുജറാത്തിലെ ഇശ്റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിച്ച പ്രത്യേക സംഘത്തില്‍ അംഗമായിരുന്നു സതീഷ് വര്‍മ.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Dec 2016 11:22 AM GMT Updated On
date_range 2016-12-15T05:34:04+05:30മന്ത്രി റിജിജുവിന്‍െറ രാജിക്ക് പ്രതിപക്ഷം
text_fieldsNext Story