ജനവിധിയറിയാൻ നാലുനാള്‍; എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്ന് വൈകീട്ട്
text_fieldsന്യൂഡൽഹി: കേരളമടക്കം മൂന്നു സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും ജനവിധിയറിയാൻ ഇനി നാലു നാൾ മാത്രം. തിങ്കളാഴ്ച വോട്ടെണ്ണൽ നടക്കാനിരിക്കെ കേരളത്തിലേതടക്കം എക്സിറ്റ് പോൾ ഫലങ്ങൾ വിവിധ ഏജൻസികൾ ഇന്ന് പുറത്തു വിടും. കടുത്ത മത്സരത്തിന് പിന്നാലെ എക്സിറ്റ് പോളുകള്‍ ഇന്ന് പുറത്തുവരാനിരിക്കെ വലിയ ആകാംക്ഷയിലാണ് മുന്നണികള്‍. കേരളത്തിൽ ഭരണത്തുടര്‍ച്ച ഉറപ്പെന്ന് എൽ.ഡി.എഫ് അവകാശപ്പെടുമ്പോൾ, ഭരണ മാറ്റം ഉറപ്പെന്നും 85ന് മുകളിൽ സീറ്റ് നേടുമെന്നും യു.ഡി.എഫ് നേതാക്കള്‍ പറയുന്നു. അതിശക്ത തരംഗമുണ്ടായെങ്കിൽ 90 സീറ്റ് കടക്കുമെന്നാണ് യു.ഡി.എഫ് വാദം. അതേസമയം, ഒരു സീറ്റിലധികം നേടുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.
അഞ്ചിലധികം ഏജൻസികളുടെ ഏക്സിറ്റ് പോൾ ഫലങ്ങളാണ് ഇന്ന് പുറത്തിറങ്ങാനിരിക്കുന്നത്. എന്നാൽ, ബംഗാളിലെ എക്സിറ്റ് പോൾ സർവെകൾ നാളെയും മറ്റന്നാളുമായി പ്രസിദ്ധീകരിക്കാനാണ് ചില പ്രധാന ഏജൻസികളുടെ തീരുമാനം.
പശ്ചിമ ബംഗാളിലെ രണ്ടാം ഘട്ടം തെരഞ്ഞെടുപ്പ് ഇന്ന് അവസാനിക്കുന്നതോടെ, എക്സിറ്റ് പോളുകള്‍ പ്രസിദ്ധീകരിക്കാനുള്ള വിലക്ക് അവസാനിക്കും. ഇന്ന് വൈകിട്ട് ആറരയ്ക്ക് വിവിധ ഏജൻസികളുടെ ഫലങ്ങള്‍ വന്നു തുടങ്ങും. എൻ.ഡി.ടി.വി, ഇന്ത്യ ടുഡെ, ടൈംസ് നൗ, ന്യൂസ് എക്സ്, റിപ്പബ്ലിക് ടി.വി, ന്യൂസ് 18 തുടങ്ങിയ ദേശീയ മാധ്യമങ്ങൾ എക്സിറ്റ് പോൾ ഫലങ്ങൾ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മാട്രിസ്, വി.എം.ആർ, സി വോട്ടർ, ജെ.വി.സി, പോൾസ്ട്രാറ്റ്, ജൻകി ബാത്ത്, വോട്ട് വൈബ് തുടങ്ങിയ ഏജൻസികളുടെ എക്സിറ്റ് പോൾ ഫലങ്ങളും ഇന്ന് പുറത്തുവിട്ടേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

