Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇത് ലോകേഷ് ബത്ര;...

ഇത് ലോകേഷ് ബത്ര; ഭീഷണികൾക്കുമുന്നിൽ പതറാതെ ഇലക്ടറൽ ബോണ്ടിനെതിരെ പടവെട്ടിയ യുദ്ധവീരൻ

text_fields
bookmark_border
Lokesh Batra
cancel

‘ഗൗരി ല​​ങ്കേഷ് ഒരു മാധ്യമപ്രവർത്തകയായിരുന്നു. ഹിന്ദുവായിട്ടും അവർ ഹിന്ദുത്വ പ്രവർത്തകരുടെ കൈകളാലാണ് കൊല്ലപ്പെട്ടത്. രാജ്യ​ദ്രോഹിയും ദേശവിരുദ്ധയും ഹിന്ദുവിരുദ്ധയുമായിരുന്നുവെന്നതാണ് ആ കൊലക്കുപിന്നിലെ കാരണം. ഗൗരി ല​ങ്കേഷിന്റെ കൊലപാതകത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആർ.എസ്.എസിനും ബി.ജെ.പിക്കുമെതിരെ തുറന്നെഴുതാൻ ആരെങ്കിലും ധൈര്യം കാണിച്ചിട്ടുണ്ടോ? ആരെങ്കിലും എഴുതാൻ തയാറായി വന്നാൽ അവരെ വെറുതെ വിട്ടിട്ടില്ല. മുസ്‍ലിംകളെ പോലെ ഈ 'രാജ്യദ്രോഹികളെയും' ഉന്മൂലനം ചെയ്യേണ്ടതാണ്...’

ലോകേഷ് ബത്രയെന്ന 76കാരനെ തേടിയെത്തിയ നിരവധി ഭീഷണികളുടെ സാരാംശം ഇതായിരുന്നു. ഇത്തരം ഭീഷണികളൊന്നും പക്ഷേ, പട​കളേറെക്കണ്ട ആ പോരാളിയെ പിന്നോട്ടുവലിച്ചില്ല. ഭരണഘടന വിരുദ്ധ​​​​​മെന്ന് സുപ്രീം കോടതി ഉത്തരവിട്ട ഇലക്ടറൽ ബോണ്ട് സംവിധാനത്തിനെതിരെ ആദ്യമായി പടനയിച്ചത് ലോകേഷ് ബത്രയാണ്. ഭീഷണിപ്പെടുത്തി പിൻവാങ്ങിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ സമ്മർദതന്ത്രങ്ങളൊന്നും ഈ യുദ്ധവീരന്റെ മുന്നിൽ വിലപ്പോയില്ല. അദ്ദേഹം വർഷങ്ങളായി നടത്തിയ ഒറ്റയാൾ പോരാട്ടത്തിനാണ് ഇപ്പോൾ ചെറിയ തോതിലാണെങ്കിലും ഫലമുണ്ടായിരിക്കുന്നത്. കേന്ദ്രസർക്കാരിനെയും കോർപറേറ്റ് സ്ഥാപനങ്ങളെ തന്നെയും വെല്ലുവിളിച്ചുള്ള ആ പോരാട്ടം അത്ര നിസ്സാരമായിരുന്നില്ല. ഭയമെന്ന രണ്ടക്ഷരം ലോകേഷ് ബത്രയുടെ നിഘണ്ടുവിൽ ഇല്ലാത്തതിനാൽ ഭീഷണികളെ അദ്ദേഹം വിലകൽപിച്ചില്ല.

1967 മേയ് 22ന് നാവികസേനയിൽ ഹൈഡ്രോഗ്രാഫറായാണ് ജോലിക്ക് ചേർന്നത്. 36 വർഷത്തെ സ്തുത്യർഹ സേവനത്തിനു ശേഷം 2002 ഡിസംബറിൽ വിരമിച്ചപ്പോൾ ലോകേഷ് ബത്ര ഒരു തീരുമാനമെടുത്തു. റിട്ടയർമെന്റിനു ശേഷം മറ്റൊരു ജോലിക്കോ എൻ.ജി.ഒയിലോ ചേരില്ല എന്നതായിരുന്നു അത്. ഒന്നും ഏറ്റെടുക്കില്ലെന്ന് അദ്ദേഹം തന്നോട് തന്നെ വാഗ്ദാനം ചെയ്തു. അത് ഇക്കാലം വരെ പാലിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

2005ലാണ് വിവരാകാശ നിയമം നിലവിൽ വന്നത്. അന്നുമുതൽ ഭരണത്തിന്റെ സുതാര്യത ഉറപ്പുവരുത്താൻ കുരിശുയുദ്ധം നടത്തുകയാണ് ലോകേഷ്. അദ്ദേഹത്തിന്റെ പോരാട്ടം മൂലം വിവരാവകാശ നിയമത്തിന്റെ ഹിന്ദി പതിപ്പിൽ ചില ഭേദഗതികൾ കൊണ്ടുവരാനും 2007ൽ രാജ്യത്തെ നടുക്കിയ നിതാരി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണത്തിന്റെ ക്രമക്കേടുകൾ തുറന്നുകാട്ടാനും സാധിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദർശനത്തിന്റെ ചെലവുകളും പി.എം. കെയേഴ്സ് ഫണ്ട്, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നിവയുടെ ചെലവുകൾ സംബന്ധിച്ച വിവരങ്ങളും കണ്ടെത്താനും അദ്ദേഹം നിമിത്തമായി. വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർക്ക് വിവരാവകാശ ഫീസ് അടയ്ക്കാൻ അനുവദിക്കുന്ന ഇലക്ട്രോണിക് ഇന്ത്യൻ പോസ്റ്റൽ ഓർഡറുകൾ (ഇ-ഐ.പി.ഒ) ലോകേഷ് ബത്രയുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ്.


2017ലാണ് മോദി സർക്കാർ ഇലക്ടറൽ ബോണ്ട് എന്ന പദ്ധതി മുന്നോട്ടുവെച്ചത്. എന്നാൽ, രാഷ്ട്രീയ ഫണ്ടിങ്ങിൽ കൂടുതൽ സുതാര്യതയും ഉത്തരവാദിത്തവും ഇതിലൂടെ ഉറപ്പുവരുത്താൻ സാധിക്കുമെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ വാദം. പക്ഷേ, ഇലക്ടറൽ ബോണ്ടിലൂടെ ഏതെങ്കിലുമൊരു രാഷ്ട്രീയ പാർട്ടിക്ക് പണം നൽകുന്നയാളുടെ വിവരങ്ങളും ഏത് രാഷ്ട്രീയ പാർട്ടിയാണ് പണം സ്വീകരിച്ചത് എന്നതും ഒരിക്കലും പുറത്തറിയില്ല. യഥാർഥത്തിൽ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിക്ക് പണം സംഭാവന നൽകിയത് ആര്, എത്ര തുക നൽകി എന്നറിയാനുള്ള ഇന്ത്യയിലെ വോട്ടർമാരുടെ അവകാശം ഇല്ലാതാക്കുന്ന ഒരു പദ്ധതിയായിരുന്നു ഇത്.

2017ലെ ബജറ്റിൽ അന്നത്തെ ധനമന്ത്രിയായിരുന്ന അരുൺ ജയ്റ്റ്ലിയാണ് ഇലക്ടറൽ ബോണ്ട് പദ്ധതിയെ കുറിച്ച് പ്രഖ്യാപനം നടത്തിയത്. ജെയ്റ്റ്ലിയുടെ പ്രസംഗത്തിലെ ആദ്യ വാചകങ്ങൾ കേട്ടപ്പോഴുണ്ടായ സുഖമല്ല, ഇലക്ടറൽ ബോണ്ടിനെ കുറിച്ച് കൂടുതൽ അറിഞ്ഞപ്പോൾ തോന്നിയതെന്ന് ഒരിക്കൽ ലോകേഷ് ബത്ര ഒരിക്കൽ തുറന്നുപറഞ്ഞിരുന്നു. തുടർന്ന് ആ പദ്ധതിയെ കുറിച്ച് ആഴത്തിൽ പഠിക്കാൻ അദ്ദേഹം തീരുമാനിച്ചു.

2018ൽ ഇലക്ടറൽ ബോണ്ട് സ്കീം അവതരിപ്പിച്ചു. അന്നുതൊട്ടിതുവരെ ഈ പദ്ധതിയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ശേഖരിക്കാനായി 80ലേറെ വിവരാവകാശ അപേക്ഷകളാണ് ലോകേഷ് ബത്ര ഫയൽ ചെയ്തത്. 2019ലാണ് ഇലക്ടറൽ ബോണ്ടിനെ കുറിച്ചുള്ള വലിയ വെളിപ്പെടുത്തൽ വന്നത്. അതിലേക്ക് നയിച്ച നിർണായക വിവരങ്ങൾ ലോകേഷ് ബത്രയുടെ ശ്രമഫലമായി ലഭിച്ചതാണ്. റിസർവ് ബാങ്കിന്റെയും തെര​ഞ്ഞെടുപ്പ് കമീഷന്റെയും കടുത്ത എതിർപ്പുകൾ അവഗണിച്ച് മോദി സർക്കാർ ഇലക്ടറൽ ബോണ്ട് ഇന്ത്യൻ രാഷ്ട്രീയത്തിൽ ​കൊണ്ടുവരുന്നതിനെ കുറിച്ച് 2019ൽ അമേരിക്കൻ വാർത്ത വെബ്സൈറ്റായ ഹഫ് പോസ്റ്റ് ആറ് ഭാഗങ്ങളുള്ള അന്വേഷണ പരമ്പര പുറത്തുവിട്ടു.

''രാഷ്ട്രീയപാർട്ടികൾക്ക് പണം നൽകുന്നവരെ കുറിച്ച് വെളിപ്പെടുത്തരുത് എന്ന വ്യവസ്ഥയിലാണ് ഈ പദ്ധതി തയാറാക്കിയത്. അതാണ് തെരഞ്ഞെടുപ്പ് കമീഷനും റിസർവ് ബാങ്കും എതിർക്കാൻ കാരണം. നിലവിലെ പദ്ധതി ഒരു കറൻസി നോട്ട് പോലെയാണ്. വാങ്ങുന്നയാളുടെയും വിൽക്കുന്നയാളുടെയും പേരില്ല. ഇന്ത്യയിലെ സർക്കാരിനു മാത്രമേ ഇതിന് കുറിച്ച് അറിയാൻ സാധിക്കൂ. ഏത് പാർട്ടി ഭരിച്ചാലും ആരാണ്, ആർക്കാണ് പണം നൽകുന്നത് എന്നത് ഭരിക്കുന്ന സർക്കാരിന് അറിയാം. അത് പ്രതിപക്ഷത്തിന് ഫണ്ടിങ് ലഭിക്കുന്നത് തടയാനും സാധ്യതയുണ്ട്.''-ലോകേഷ് ബത്ര പറയുന്നു.


വിവരാവകാശ നിയമത്തിലൂടെ വിവരങ്ങൾ നേടുന്നത് ഒരു തുടർച്ചയായ പ്രക്രിയയാണ്. ഒരു അപേക്ഷ കൊണ്ടോ സർക്കാർ വകുപ്പിൽ നിന്നുള്ള മറുപടി കൊണ്ടോ അത് അവസാനിക്കുന്നില്ല. നിരന്തരം വിവരങ്ങൾ തേ​ടേണ്ടി വരും. ഒന്നിലധികം സർക്കാർ വകുപ്പുകൾ മറുപടി നൽകേണ്ടിയും വരും. റിസർവ് ബാങ്കും തെരഞ്ഞെടുപ്പ് കമീഷനുമെല്ലാം ഇതിന്റെ പരിധിയിൽ വരും. അതിനാൽ പുതുമയുള്ള വിവരങ്ങൾ ലഭിക്കുന്നതു വരെ അന്വേഷണം തുടരണമെന്നും അദ്ദേഹം പറയുന്നു. അതേസമയം, ഏത് സർക്കാരാണ് ഇലക്ടറൽ ബോണ്ട് എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് എന്നതിൽ ഇതുവരെ ലോകേഷ് ബത്രക്ക് വ്യക്തത ലഭിച്ചിട്ടില്ല. അക്കാര്യത്തിൽ റവന്യൂ വകുപ്പ് വ്യക്തത നൽകിയിട്ടില്ല. ആരുടെ തലയിൽ നിന്നുദിച്ചാലും ഈ പദ്ധതി മുന്നോട്ട് കൊണ്ടുവന്നത് റവന്യൂ വകുപ്പാണ് എന്ന് ഉറപ്പിച്ചു പറയാം.

ശതകോടീശ്വരന്മാരാണ് ഇലക്ടറൽ ബോണ്ട് വാങ്ങുന്നത്. രാഷ്ട്രീയ പാർട്ടികൾക്ക് അതുവഴി പണം ലഭിക്കുന്നു. ഈ ഇടപാട് തീർത്തും നികുതി രഹിതവുമാണ്. ഇലക്ടറൽ ബോണ്ടുകൾ അച്ചടിക്കുന്നതിനും ബാങ്ക് കമീഷനുകൾക്കുമായി നികുതിദായകരുടെ പണമായി ഇതുവരെ 10.23 കോടിയിലേറെ രൂപ സർക്കാർ ചെലവഴിച്ചിട്ടുണ്ട്. 2018 മാർച്ച് മുതൽ 2022 ഡിസംബർ വരെ 24 ഘട്ടങ്ങളിലായി 11,699.84 കോടി രൂപയുടെ ബോണ്ടുകളാണ് വിറ്റഴിഞ്ഞ​തെന്നും ലോകേഷ് എസ്.ബി.ഐക്ക് നൽകിയ വിവരാവകാശത്തിലൂടെ കണ്ടെത്തി. മുംബൈയിലും കൊൽക്കത്തയിലും ഹൈദരാബാദിലുമാണ് ഏറ്റവും കൂടുതൽ ഇലക്ടറൽ ബോണ്ടുകളുടെ വിൽപന നടന്നത്.

ന്യൂഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത എന്നിവയാണ് ഈ ഇലക്ടറൽ ബോണ്ടുകൾ പണമാക്കിയ മൂന്ന് പ്രധാന നഗരങ്ങൾ. അതിൽ 65.12 ശതമാനമാണ് ഡൽഹിയിൽ നടന്നത്. വിവിധ സംസ്ഥാനങ്ങളിലെ നിർദിഷ്ട സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഫിസുകളിൽ മാത്രമേ ഇലക്ടറൽ ബോണ്ടുകൾ വാങ്ങാൻ സാധിക്കുകയുള്ളൂ. 1,000 രൂപ, 10,000 രൂപ, ഒരു ലക്ഷം രൂപ, 10 ലക്ഷം രൂപ, ഒരു കോടി രൂപ എന്നിങ്ങനെ വിവിധ മൂല്യങ്ങളിൽ ബോണ്ടുകൾ ലഭിക്കും. 2018 മുതൽ മുംബൈ, കൊൽക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഒരു കോടി രൂപ വിലമതിക്കുന്ന 20,734 ഇലക്ടറൽ ബോണ്ടുകളെങ്കിലും വിറ്റഴിച്ചതായി അദ്ദേഹത്തിന് വിവരം ലഭിച്ചു.

അവയിൽ, ഏറ്റവും കൂടുതൽ കച്ചവടം നടന്നത് (ഒരു കോടി രൂപ) ന്യൂഡൽഹി (65.31 ശതമാനം), ഹൈദരാബാദ് (12.14 ശതമാനം), കൊൽക്കത്ത (8.54 ശതമാനം) നഗരങ്ങളിലാണ്. അതായത് ഏറ്റവും ഉയർന്ന തുകയായ ഒരു കോടി രൂപക്ക് ഇലക്ടറൽ ബോണ്ടുകൾ വിൽക്കുന്നത് സാധാരണ വ്യവസായികളല്ല, വൻകിട കോർപറേറ്റുകളും കുത്തകകളും ആണ്. 2018 മാർച്ചിൽ പദ്ധതി നടപ്പാക്കിയ ശേഷം ബി.ജെ.പിക്ക് ഇതുവരെ 5,270 കോടി രൂപയാണ് സംഭാവനയായി ലഭിച്ചത്. മുഖ്യപ്രതിപക്ഷമായ കോൺഗ്രസിന് 964 കോടിയും പശ്ചിമബംഗാൾ ഭരിക്കുന്ന തൃണമൂൽ കോൺഗ്രസിന് 767 കോടിയും ലഭിച്ചു.

2018 മുതൽ 2022 ഡിസംബർ വരെ, 1,000 രൂപ മൂല്യമുള്ള ഇലക്ടറൽ ബോണ്ടുകളുടെ വിൽപന ശതമാനം വെറും 0.01 ശതമാനം ആണ്. എന്നാൽ, ഒരു കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകളുടെ വിൽപന 94.41ശതമാനം ആണ്. ഇത്തരം ഉയർന്ന മൂല്യമുള്ള ഇലക്ടറൽ ബോണ്ടുകൾ വാങ്ങുന്ന കോർപറേറ്റ് സ്ഥാപനങ്ങൾക്ക് വ്യക്തമായ പ്രതിഫലവും ലഭിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Electoral BondIndia NewsLokesh Batra
News Summary - Lokesh Batra: The war veteran on a mission to tackle the electoral bonds scheme
Next Story