ലോക്സഭക്ക് 816 അംഗങ്ങൾ, കേരളത്തിൽ എം.പിമാർ 30; മണ്ഡല പുനർനിർണയത്തിലൂടെ വനിത സംവരണത്തിന് കേന്ദ്രം
text_fieldsഅമിത് ഷാ
ന്യൂഡൽഹി: മണ്ഡല പുനർ നിർണയത്തിലൂടെ ലോക്സഭയിലെ അംഗബലം 816 ആക്കി, വനിതകൾക്ക് 33 ശതമാനം (273 സീറ്റുകൾ) സംവരണം ചെയ്യാനുള്ള ബില്ലുകളുമായി സർക്കാർ. ഭരണഘടനാ ഭേദഗതി എന്ന നിലക്ക് പാസാക്കാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമുള്ള ബില്ലുകളുടെ കാര്യം ഏതാനും പ്രതിപക്ഷ പാർട്ടികളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചർച്ച ചെയ്തു. മണ്ഡല പുനർ നിർണയത്തിൽ ദക്ഷിണേന്ത്യക്ക് സീറ്റുകൾ കുറയുമെന്ന ആശങ്ക ഒഴിവാക്കാൻ നിലവിലുള്ളതിന്റെ 50 ശതമാനം സീറ്റുകൾ എല്ലാ സംസ്ഥാനങ്ങളിലും വർധിപ്പിക്കാനാണ് പദ്ധതി. അതോടെ കേരളത്തിൽ നിന്നുള്ള ലോക്സഭാ എം.പിമാരുടെ എണ്ണം 30 ആകും.
2011ലെ സെൻസസ് അടിസ്ഥാനമാക്കിയാണ് മണ്ഡലങ്ങളുടെ അതിരുകൾ പുനർ നിർണയിക്കുക. ഇത് നടപ്പാക്കാൻ പ്രതിപക്ഷ കക്ഷികളുമായി സംസാരിച്ച് സമവായത്തിലെത്തും. ഈ മാറ്റങ്ങൾ കൊണ്ടുവരാൻ വനിതാ സംവരണ നിയമത്തിൽ ഭേദഗതി വരുത്തേണ്ടതുണ്ട്. നിയമ ഭേദഗതിക്കായി നിലവിലെ സമ്മേളനം നീട്ടുകയോ പ്രത്യേക സമ്മേളനം വിളിക്കുകയോ ചെയ്യാനാണ് സാധ്യത. സെൻസസ് നടപടിക്രമം പൂർത്തിയാകുന്നതുവരെ ഇതിനുവേണ്ടി കാത്തിരിക്കേണ്ടതില്ലെന്ന നിലപാടാണ് സർക്കാറിനുള്ളത്.
നാരിശക്തി വന്ദൻ അധിനിയമത്തെക്കുറിച്ച് തിങ്കളാഴ്ച ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലോക്സഭാ സീറ്റുകളുടെ എണ്ണം നിലവിലെ 543ൽ നിന്ന് 816 ആക്കണമെന്ന നിർദേശം ഉയർന്നിരുന്നു. 2029ലെ പൊതു തെരഞ്ഞെടുപ്പ് മുതൽ ലോക്സഭാ സീറ്റ് വർധനയും വനിതാ സംവരണവും നടപ്പാക്കാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

