ലോക്സഭ തെരഞ്ഞെടുപ്പ്: നാലാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു
text_fieldsന്യൂഡൽഹി: 10 സംസ്ഥാനങ്ങളിലെ 96 മണ്ഡലങ്ങളിലേക്ക് നടന്ന നാലാംഘട്ട ലോക്സഭ തെരഞ്ഞെടുപ്പിൽ 63 ശതമാനം പോളിങ്. വൈകീട്ട് ഏറ്റവുമൊടുവിൽ ലഭിച്ച കണക്കാണിത്. തെലങ്കാന- 17, ആന്ധ്രാപ്രദേശ് -25, ഉത്തർപ്രദേശ്- 13, ബിഹാർ - അഞ്ച്, ഝാർഖണ്ഡ് - നാല്, മധ്യപ്രദേശ് - എട്ട്, മഹാരാഷ്ട്ര- 11, ഒഡിഷ - നാല്, പശ്ചിമ ബംഗാൾ-എട്ട്, ജമ്മുകശ്മീർ -ഒന്ന് എന്നിങ്ങനെയാണ് ലോക്സഭ തെരഞ്ഞെടുപ്പ് നടന്നത്. ആന്ധ്രപ്രദേശ് അസംബ്ലിയിലെ മുഴുവൻ സീറ്റുകളിലേക്കും ഒഡീഷ അസംബ്ലിയിലെ 28 മണ്ഡലങ്ങളിലേക്കും ഇതോടൊപ്പം വോട്ടെടുപ്പ് നടന്നു.
നാലാം ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന ജമ്മു-കശ്മീരിലെ ശ്രീനഗറിൽ റെക്കോഡ് പോളിങ്ങാണ് രേഖപ്പെടുത്തിയത്. വൈകുന്നേരം അഞ്ച് മണിവരെയുള്ള കണക്കനുസരിച്ച് ഇവിടെ 35.75 ശതമാനം വോട്ട് രേഖപ്പെടുത്തി. 2019ൽ, ഇത് 14.43 ശതമാനമായിരുന്നു. അതിന് തൊട്ടുമുന്നെയുള്ള രണ്ട് തെരഞ്ഞെടുപ്പുകളിൽ പോളിങ് 25 ശതമാനം കടന്നിരുന്നു. മൂന്ന് പതിറ്റാണ്ടിനിടെ, ഏറ്റവും വലിയ പോളിങ് നടന്നത് 96ലാണ് -41 ശതമാനം. 98ൽ അത് 30 ശതമാനമായി; തൊട്ടടുത്ത വർഷം 11 ശതമാനത്തിലേക്ക് കൂപ്പുകുത്തി. ഇക്കുറി അന്തിമ പോളിങ് നില പുറത്തുവരുമ്പോൾ 40 ശതമാനത്തിനടുത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആന്ധ്രപ്രദേശിലും പശ്ചിമബംഗാളിലും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. ഉത്തർപ്രദേശിലെ ചില ഗ്രാമങ്ങളിൽ ജനങ്ങൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചു. വോട്ട് ചെയ്യാനെത്തിയ ബുർഖ ധരിച്ച സ്ത്രീകളോട് മുഖാവരണം മാറ്റാൻ ആവശ്യപ്പെടുന്ന വിഡിയോ പ്രചരിച്ചതിനെതുടർന്ന് ഹൈദരാബാദിലെ ബി.ജെ.പി സ്ഥാനാർഥി മാധവി ലതക്കെതിരെ കേസെടുത്തു. വൈ.എസ്.ആർ കോൺഗ്രസ് നേതാവും തെനാലി എം.എൽ.എയുമായ എ. ശിവകുമാർ വോട്ടറെ കൈയേറ്റം ചെയ്തതായി പരാതി ഉയർന്നു. ദലവൈപള്ളി ഗ്രാമത്തിൽ അക്രമികൾ വോട്ടുയന്ത്രം നശിപ്പിച്ചു. മൈദുരുകു മണ്ഡലത്തിൽ ടി.ഡി.പി ഏജന്റിനെ ആക്രമിച്ചു.
കൃഷ്ണപുരം ഗ്രാമത്തിൽ വൈ.എസ്.ആർ കോൺഗ്രസ് നേതാവ് സുരേഷ് റെഡ്ഡിക്ക് കുത്തേറ്റു. റെന്തല ഗ്രാമത്തിൽ പാർട്ടി പ്രവർത്തകരെ വൈ.എസ്.ആർ കോൺഗ്രസുകാർ മർദിച്ചതായി ആരോപിച്ച് ടി.ഡി.പി എം.എൽ.സി മുഹമ്മദ് അഹ്മദ് ശരീഫ് ചീഫ് ഇലക്ടറൽ ഓഫിസർക്ക് പരാതി നൽകി.
പശ്ചിമ ബംഗാളിലെ എട്ട് മണ്ഡലങ്ങളിൽ തൃണമൂൽ- ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

