ലോക്സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം: 49 മണ്ഡലങ്ങളിൽ ഇന്ന് വിധിയെഴുത്ത്
text_fieldsമുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിെന്റ അഞ്ചാം ഘട്ടത്തിൽ ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 49 സീറ്റുകളിലേക്ക് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കും. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിങ്, സ്മൃതി ഇറാനി, ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ല തുടങ്ങിയ പ്രമുഖരുടെ മത്സരത്തിലൂടെ ശ്രദ്ധേയമാണ് അഞ്ചാം ഘട്ടം.
4.26 കോടി വനിതകളും 5409 ഭിന്നലിംഗക്കാരും ഉൾപ്പെടെ 8.95 കോടി വോട്ടർമാരാണ് ഇന്ന് വിധിയെഴുതാൻ ബൂത്തുകളിൽ എത്തുന്നത്. 94,732 പോളിങ് സ്റ്റേഷനുകളിലായി 9.47 ലക്ഷം പോളിങ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.
മഹാരാഷ്ട്ര -13, ഉത്തർ പ്രദേശ് -14, പശ്ചിമ ബംഗാൾ -ഏഴ്, ബീഹാർ -അഞ്ച്, ഝാർഖണ്ഡ് -മൂന്ന്, ഒഡിഷ -അഞ്ച്, ജമ്മു-കശ്മീർ -ഒന്ന്, ലഡാക്ക് -ഒന്ന് എന്നിങ്ങനെയാണ് വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളുടെ എണ്ണം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 40ലധികം സീറ്റുകൾ നേടിയ എൻ.ഡി.എക്ക് ഈ ഘട്ടം ഏറെ നിർണായകമാണ്.
കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, സാധ്വി നിരഞ്ജൻ ജ്യോതി, ശാന്തനു താക്കൂർ, എൽ.ജെ.പി നേതാവ് ചിരാഗ് പാസ്വാൻ, ശിവസേന നേതാവ് ശ്രീകാന്ത് ഷിൻഡെ, ബി.ജെ.പി നേതാവ് രാജീവ് പ്രതാപ് റൂഡി, ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിെന്റ മകൾ രോഹിണി ആചാര്യ എന്നിവരും മത്സരരംഗത്തുണ്ട്.
കോൺഗ്രസ് കോട്ടയായ റായ്ബറേലിയിൽ രാഹുൽ ഗാന്ധി ബി.ജെ.പിയിലെ ദിനേഷ് പ്രതാപ് സിങ്ങിനെയാണ് നേരിടുന്നത്. കഴിഞ്ഞ തവണ അമേത്തിയിൽ രാഹുൽ ഗാന്ധിയെ തോൽപിച്ച സ്മൃതി ഇറാനി രണ്ടാമൂഴത്തിനിറങ്ങുന്നു.
ഒഡിഷയിലെ 35 നിയമസഭാ സീറ്റുകളിലേക്കുള്ള മൂന്നാംഘട്ട വോട്ടെടുപ്പും ഇതോടൊപ്പം നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

