പെട്ടി നിറഞ്ഞു, രണ്ടാംനാൾ വിധി; അവസാനഘട്ടത്തിൽ 60 ശതമാനം പോളിങ്
text_fieldsതെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നോടിയായി ഡൽഹിയിൽ ചേർന്ന ഇൻഡ്യ മുന്നണി യോഗത്തിനുശേഷം നേതാക്കൾ
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം പൂർത്തിയായതോടെ ഇനി കാത്തിരിപ്പ് ചൊവ്വാഴ്ചത്തെ വോട്ടെണ്ണലിന്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകുന്ന എൻ.ഡി.എ മൂന്നാംതവണ അധികാരത്തിൽ വരുമോ?, രാഹുൽ ഗാന്ധി നയിക്കുന്ന ‘ഇൻഡ്യ’ സഖ്യം അട്ടിമറി ജയത്തിലൂടെ ഭരണം പിടിക്കുമോ? ജനവിധി അറിയാൻ ഇനി രണ്ടു നാൾ കൂടി.
ശനിയാഴ്ച ഏഴാം ഘട്ട വോട്ടെടുപ്പ് നടന്ന ഏഴു സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ ചണ്ഡിഗഢും ഉൾപ്പെടുന്ന 57 മണ്ഡലങ്ങളിൽ വൈകീട്ട് അഞ്ചുവരെ 60 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. ബി.ജെ.പി തനിച്ച് 370 സീറ്റിൽ ജയിക്കുമെന്ന് പാർട്ടി പ്രസിഡന്റ് ജെ.പി. നഡ്ഡ അവകാശപ്പെട്ടു. എൻ.ഡി.എ 400 കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പി 441 സീറ്റിലായിരുന്നു മത്സരിച്ചത്. എന്നാൽ, ഇൻഡ്യ സഖ്യം 295 മണ്ഡലങ്ങളിൽ ജയിച്ച് അധികാരത്തിൽ എത്തുമെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. 285 സീറ്റിലാണ് കോൺഗ്രസ് സ്ഥാനാർഥികളെ നിർത്തിയത്.
പ്രതിപക്ഷം സജീവമാക്കിയ പ്രചാരണ വിഷയങ്ങൾ മറികടക്കാൻ വിദ്വേഷ പ്രചാരണത്തിന് പ്രധാനമന്ത്രിതന്നെ നേതൃത്വം നൽകിയത് ഈ തെരഞ്ഞെടുപ്പിന്റെ സവിശേഷതയാണ്. ഇതിനെതിരെ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ മടിച്ചത് രൂക്ഷ വിമർശനത്തിനിടയാക്കി. വൻ ഭൂരിപക്ഷത്തിൽ ബി.ജെ.പി വീണ്ടും വന്നാൽ ഭരണഘടന മാറ്റുമെന്ന പ്രതിപക്ഷ പ്രചാരണം ഏശിയെന്ന തിരിച്ചറിവിലായിരുന്നു വിദ്വേഷപ്രചാരണത്തിന്റെ തുടക്കം. ഭരണവിരുദ്ധ വികാരവും തൊഴിലില്ലായ്മയും വിലക്കയറ്റവും തിരിച്ചടിയാകുമെന്നും ബി.ജെ.പി തിരിച്ചറിഞ്ഞു. ബി.ജെ.പിയുടെ പണക്കൊഴുപ്പും ഭരണസ്വാധീനവും തടയാൻ പ്രതിപക്ഷം ഉയർത്തിയ ജനകീയ വിഷയങ്ങൾ വോട്ടായി മാറുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ചിതറിനിന്ന പ്രതിപക്ഷ നേതാക്കളെ അണിചേർത്ത് രൂപപ്പെടുത്തിയ ‘ഇൻഡ്യ’ സഖ്യം പോർക്കളത്തിൽ ഒറ്റക്കെട്ടായി നിന്നുവെങ്കിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബി.ജെ.പി കത്തിച്ചുവിട്ട വർഗീയത വോട്ടാകുമോ എന്നാണ് അറിയേണ്ടത്. ഇതായിരിക്കും ഫലം നിർണയിക്കുന്ന പ്രധാന ഘടകം. പഞ്ചാബിലെയും പശ്ചിമ ബംഗാളിലെയും ത്രികോണ മത്സരം ആരെ തുണക്കും എന്നതും പ്രവചനാതീതമാണ്.
അവസാനഘട്ട വോട്ടെടുപ്പിൽ പശ്ചിമ ബംഗാളിൽ പലയിടത്തും സംഘർഷമുണ്ടായി. ജാദവ്പൂരിലും ഡയമണ്ട് ഹാർബറിലും തൃണമൂൽ കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും പ്രവർത്തകർ ഏറ്റുമുട്ടി. പഞ്ചാബ് (13), ഉത്തർ പ്രദേശ് (13), പശ്ചിമ ബംഗാൾ (9), ബിഹാർ (8), ഒഡിഷ (6), ഹിമാചൽ പ്രദേശ് (4), ഝാർഖണ്ഡ് (3) എന്നീ സംസ്ഥാനങ്ങളിലായിരുന്നു തെരഞ്ഞെടുപ്പ്. 904 സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ദിവസങ്ങളായി തുടരുന്ന ഉഷ്ണതരംഗത്തിനിടെയായിരുന്നു ഏഴാംഘട്ട തെരഞ്ഞെടുപ്പ്. ഒഡിഷയിൽ ബാക്കിയുള്ള 42 നിയമസഭ സീറ്റുകളിലും ഹിമാചൽപ്രദേശിലെ ആറ് നിയമസഭ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പും ശനിയാഴ്ച നടന്നു. ലോക്സഭ തെരഞ്ഞെടുപ്പ് ഏപ്രിൽ 19നാണ് തുടങ്ങിയത്. ആന്ധ്രപ്രദേശ്, അരുണാചൽ പ്രദേശ്, സിക്കിം, ഒഡിഷ നിയമസഭ തെരഞ്ഞെടുപ്പുകളും ഇതോടൊപ്പമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

