അഞ്ചാംഘട്ടത്തിൽ 62.56 ശതമാനം പോളിങ്
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിെൻറ അഞ്ചാംഘട്ടത്തിൽ 62.56 ശതമാനം പോളിങ്. ഏഴു സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളിൽ നടന്ന വോെട്ടടുപ്പ് സമാധാനപരമാണെങ്കിലും ജമ്മു-കശ്മീരിലും പശ്ചിമബംഗാളിലും അക്രമസംഭവങ്ങളുണ്ടായി. ജമ്മു-കശ്മീരിലെ അനന്തനാഗ് മണ്ഡലത്തിലെ പുൽവാമയിൽ പോളിങ് ബൂത്തിനുനേരെ തീവ്രവാദികൾ ഗ്രനേഡ് എറിഞ്ഞു.
റൊഹ്മൂ പോളിങ് ബൂത്തിനുനേരെയുണ്ടായ ആക്രമണത്തിൽ ആളപായമില്ലെന്ന് പൊലീസ് പറഞ്ഞു. പശ്ചിമബംഗാളിലെ ബറാക്പോരയിൽ ബി.ജെ.പി സ്ഥാനാർഥിയെ സുരക്ഷസേന ബൂത്തിൽ കയറുന്നതിൽനിന്ന് തടഞ്ഞതായും മർദിച്ചതായും പരാതി. മണ്ഡലത്തിലെ നെയ്ഹതി മേഖലയിലെ ബൂത്തിൽ ജനങ്ങൾക്ക് വോട്ടുചെയ്യാനുള്ള സൗകര്യം ചെയ്യുന്നില്ലെന്ന പരാതിയെ തുടർന്ന് എത്തിയ തന്നെ സുരക്ഷ ചുമതലയുള്ള കേന്ദ്രസേന തടഞ്ഞതായും എതിർത്തതിനെ തുടർന്ന് മർദിച്ചതായും സ്ഥാനാർഥി അർജുൻ സിങ് ആരോപിച്ചു.
പാർട്ടിയുടെ ഏജൻറുമാരെ ബൂത്തിൽ പ്രവേശിപ്പിച്ചില്ലെന്നും കള്ളവോട്ട് നടന്നുവെന്നും അദ്ദേഹം ആരോപിച്ചു. സീറ്റിൽ റീപോളിങ് വേണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ഹൂഗ്ലിയിൽ ബി.ജെ.പി സ്ഥാനാർഥി ലോകത് ചാറ്റർജി പോളിങ് ഒാഫിസറെ ഭീഷണിപ്പെടുത്തിയതായും പരാതി ഉയർന്നു.
വിവിധ സംസ്ഥാനങ്ങളിലെ പോളിങ് ശതമാനം ഇനി പറയുന്നു: (സംസ്ഥാനം, സീറ്റുകൾ, ശതമാനം എന്ന ക്രമത്തിൽ): ബിഹാർ (അഞ്ച്): 57.86, ജമ്മു-കശ്മീർ (രണ്ട്): 17.07, മധ്യപ്രദേശ് (ഏഴ്):62.96, രാജസ്ഥാൻ (12): 64.00, ഉത്തർപ്രദേശ് (14):53.32, പശ്ചിമബംഗാൾ (ഏഴ്):74.06, ഝാർഖണ്ഡ് (നാല്): 64.19.
ആന്ധ്രയിൽ അഞ്ചു ബൂത്തുകളിൽ റീപോളിങ്
അമരാവതി: വോട്ടുയന്ത്രത്തിെൻറ തകരാറുകാരണം വോെട്ടടുപ്പ് മുടങ്ങിയ ആന്ധ്രപ്രദേശിലെ അഞ്ചു മണ്ഡലങ്ങളിലെ റീപോളിങ് തിങ്കളാഴ്ച നടന്നു. നരസറാവുപേട്ട് മണ്ഡലത്തിലെ 94ാം നമ്പർ ബൂത്ത്, ഗുണ്ടൂരിലെ 244, ഒൻഗോൾ മണ്ഡലത്തിലെ 247, നെല്ലൂരിലെ 41, തിരുപ്പതിയിലെ 197ാം നമ്പർ ബൂത്ത് എന്നിവിടങ്ങളിലാണ് റീപോളിങ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
