ന്യൂഡൽഹി: ഹാർദിക് പേട്ടലും അൽപേഷ് താക്കോറും താനുമടങ്ങുന്ന കൂട്ടുകെട്ട് അടുത്ത ലോക്സഭ തെരെഞ്ഞടുപ്പിൽ ബി.ജെ.പിയുടെ സീറ്റ് 100ൽ താഴേക്ക് ചുരുക്കുമെന്ന് ദലിത് നേതാവും ഗുജറാത്ത് എം.എൽ.എയുമായ ജിഗ്നേഷ് മേവാനി. വാർത്താചാനലിന് നൽകിയ അഭിമുഖത്തിലാണ് മേവാനിയുടെ മുന്നറിയിപ്പ്.
‘‘ഹാർദിക്കും അൽപേഷും താനും ഒന്നിച്ചൊരു ശക്തിയായി തുടരുന്നപക്ഷം ബി.ജെ.പിയുടെ സീറ്റുനില രണ്ടക്കത്തിൽ ഒതുങ്ങും. ഗുജറാത്ത് മോഡൽ വികസനത്തിെൻറ ഇരകളും അരികുവത്കരിക്കപ്പെട്ട യുവജനങ്ങളും ദരിദ്രരും ബി.ജെ.പിക്കെരെ തങ്ങൾക്കു പിന്നിൽ അണിനിരക്കും. നോട്ടുനിരോധനവും ജി.എസ്.ടിയും സാമ്പത്തിക പ്രതിസന്ധിയിലേക്കും തൊഴിലില്ലായ്മയിലേക്കും രാജ്യത്തെ വലിച്ചിഴക്കുന്നു. യുവജനങ്ങളെയാണ് ഇത് കൂടുതൽ ബാധിച്ചത്’’ -ജിഗ്നേഷ് മേവാനി പറഞ്ഞു.