ബംഗളൂരുവിന്റെ ഹൃദയഭൂമി തിരിച്ചുപിടിക്കാൻ കോൺഗ്രസ്
text_fieldsപി.സി. മോഹൻ, മൻസൂർ അലി ഖാൻ
ബംഗളൂരുവിന്റെ ഹൃദയഭൂമി തിരിച്ചുപിടിക്കാൻ കോൺഗ്രസ്
ബംഗളൂരുവിന്റെ ഹൃദയഭൂമിയാണ് ബംഗളൂരു സെൻട്രൽ മണ്ഡലം. 2008ലെ മണ്ഡല പുനർനിർണയത്തിന് ശേഷം നടന്ന മൂന്ന് തെരഞ്ഞെടുപ്പിലും ബി.ജെ.പിയുടെ പി.സി. മോഹനായിരുന്നു ജയം. തദ്ദേശീയരെപോലെത്തന്നെ കുടിയേറ്റക്കാർക്കും സ്വാധീനമുള്ള മേഖലയിൽ ന്യൂനപക്ഷ വോട്ടുകളും നിർണായകം. മുസ്ലിം സ്ഥാനാർഥിയെയാണ് ഇത്തവണയും കോൺഗ്രസ് നിർത്തുന്നത്. രാജ്യസഭ മുൻ ഡെപ്യൂട്ടി ചെയർമാൻ കെ. റഹ്മാൻ ഖാന്റെ മകൻ മൻസൂർ അലി ഖാൻ ആണ് സ്ഥാനാർഥി.
2014ലും 2019ലും റിസ്വാൻ അർഷാദായിരുന്നു കോൺഗ്രസ് സ്ഥാനാർഥി. ഇത്തവണ ഇൻഡ്യ സഖ്യത്തിന് പല പാർട്ടികളും പിന്തുണ അറിയിച്ചതിനാൽ നഗരമേഖലയിൽ ആ വോട്ടുകൾ നിർണായകമാകുമെന്നാണ് വിലയിരുത്തൽ. മെട്രോ, സബർബൻ റെയിൽ, റെയിൽവേ വികസനം തുടങ്ങിയവ ചൂണ്ടിക്കാട്ടി ബംഗളൂരു നഗരത്തെ ആധുനികവത്കരിക്കാനും ലോകോത്തര നിലവാരത്തിലെത്തിക്കാനും കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി തീവ്രമായി പ്രവർത്തിക്കുന്നുണ്ടെന്നും മോദിയോടൊപ്പം ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താൻ കൂടെയുണ്ടാകുമെന്നാണ് പി.സി. മോഹന്റെ വാഗ്ദാനം.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോടുള്ള വിവേചനം മുഖ്യവിഷയമാക്കിയാണ് കോൺഗ്രസ് സ്ഥാനാർഥി മൻസൂർ അലി ഖാന്റെ പ്രചരണം. സമൂഹത്തിന്റെ നാനാതുറകളിലുള്ളവരിലേക്കും വികസനമെത്തിക്കുമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നു. കഴിഞ്ഞ തവണ നടനും മോദി വിമർശകനുമായ പ്രകാശ് രാജ് സ്വതന്ത്രനായി മത്സരിച്ച മണ്ഡലമാണ് ബംഗളൂരു സെൻട്രൽ. ത്രികോണ മത്സരത്തിൽ റിസ്വാനും പ്രകാശ്രാജിനുമിടയിൽ മതേതര വോട്ടുകൾ ഭിന്നിക്കപ്പെട്ടിരുന്നു. എങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പി തങ്ങളുടെ വോട്ടുവിഹിതം രണ്ട് ശതമാനവും കോൺഗ്രസ് അഞ്ചുശതമാനവും വർധിപ്പിച്ചു. കഴിഞ്ഞ വർഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ആകെയുള്ള എട്ട് നിയോജക മണ്ഡലങ്ങളിൽ അഞ്ചും കോൺഗ്രസിനൊപ്പമായിരുന്നു. മൂന്നെണ്ണമാണ് ബി.ജെ.പിക്ക് ലഭിച്ചത്.
ബംഗളൂരു സെൻട്രൽ മണ്ഡലം
നിയമസഭ മണ്ഡലങ്ങൾ (2023)
- കോൺഗ്രസ്: സർവജ്ഞ നഗർ, ശിവാജി നഗർ, ശാന്തിനഗർ, ഗാന്ധിനഗർ, ചാമരാജ്പേട്ട്
- ബി.ജെ.പി: സി.വി. രാമൻ നഗർ, രാജാജി നഗർ, മഹാദേവപുര
2019 വോട്ടുനില:
- പി.സി. മോഹൻ (ബി.ജെ.പി) - 6,028,53
- റിസ്വാൻ അർഷാദ് (കോൺഗ്രസ്) - 5,31,885
- പ്രകാശ് രാജ് (സ്വതന്ത്രൻ) - 28906
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

