മൂന്നാംഘട്ട വോട്ടെടുപ്പ്: ഒരു മണി വരെ 39.92 ശതമാനം പോളിങ്; ബംഗാളിൽ സംഘർഷം
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിൽ ഒരു മണി വരെ 39.92 ശതമാനം പോളിങ് രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. പശ്ചിമബംഗാളിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. 11 സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും ഉൾപ്പടെ 93 ലോക്സഭ സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.
വോട്ടെടുപ്പിനിടെ പശ്ചിമബംഗാളിൽ ചെറിയ സംഘർഷമുണ്ടായി. മുർഷിദാബാദിലെ ബൂത്തിൽ ബി.ജെ.പിയും തൃണമൂൽ കോൺഗ്രസും തമ്മിലാണ് സംഘർഷമുണ്ടായത്. പോളിങ് ബൂത്തിലുണ്ടായിരുന്ന പൊലീസ് ഇടപ്പെട്ട് സ്ഥിതി ശാന്തമാക്കി. അഹമ്മദാബാദിലെ നിഷാൻ ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തി. രാവിലെഏഴരയോടെ യാണ് മോദി പോളിങ് സ്റ്റേഷനിലേക്ക് എത്തിയത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മോദിയെ സ്വീകരിച്ചു. രാജ്യത്തെ കഴിയാവുന്നത്ര ആളുകൾ വോട്ട് ചെയ്യണമെന്നും ഇനിയും നാല് ഘട്ട വോട്ടെടുപ്പ് നമ്മുക്ക് മുന്നിലുണ്ടെന്നും വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മോദി പ്രതികരിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, എൻ.സി.പി നേതാക്കളായ ശരത് പവാർ, അജിത് പവാർ, സ്ഥാനാർഥികളായ പ്രഹ്ലാദ് ജോഷി, സുപ്രിയ സുലെ തുടങ്ങിയ പ്രമുഖർ രാവിലെ തന്നെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി.
ബി.ജെ.പിയുടെ പല പ്രമുഖ സ്ഥാനാർഥികളും മൂന്നാംഘട്ടത്തിൽ മത്സര രംഗത്തുണ്ട്. ഗുജറാത്തിലെ ഗാന്ധിനഗറിൽ നിന്നും രണ്ടാംതവണ ജനവിധി തേടുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇവരിലെ പ്രമുഖൻ. ജോതിരാദിത്യസിന്ധ്യ, മൻസുഖ് മാണ്ഡവ്യ, പ്രഹ്ലാദ് ജോഷി എന്നിവരും മൂന്നാംഘട്ടത്തിൽ ബി.ജെ.പിക്കായി മത്സരരംഗത്തുണ്ട്.
അഖിലേഷ് യാദവിന്റെ എസ്.പിയെ സംബന്ധിച്ചടുത്തോളവും ഈ ഘട്ടം നിർണായകമാണ്. അഖിലേഷ് യാദവ്, ഭാര്യ ഡിംപിൾ യാദവ് എന്നിവർ ഈ ഘട്ടത്തിലാണ് ജനവിധി തേടയുന്നത്. അഖിലേഷിന്റെ ബന്ധുക്കളായ ആദിത്യ യാദവ്, അക്ഷയ് യാദവ് എന്നിവരും ജനവിധി തേടുന്നുണ്ട്. ശരത് പവാറിന്റെ മകൾ സുപ്രിയ സുലെയും മൂന്നാം ഘട്ടത്തിലാണ് ജനവിധി തേടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

