രാഹുൽഗാന്ധി: പാർലമെന്‍റിൽ പ്രതിപക്ഷ പ്രതിഷേധം, ഇരുസഭകളും നിർത്തിവെച്ചു
text_fieldsന്യൂഡൽഹി: രാഹുൽ ഗാന്ധിയെ എം.പിസ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടിയിൽ പാർലമെന്‍റിൽ പ്രതിപക്ഷപാർട്ടികളുടെ പ്രതിഷേധം. പാർലമെന്‍റിൽ കറുത്ത വസ്ത്രങ്ങളിഞ്ഞെത്തിയ എം.പിമാർ സഭ ആരംഭിച്ചയുടൻ പ്ലക്കാർഡുകളുയർത്തി പ്രതിഷേധിക്കുകയായിരുന്നു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് പാർലമെന്‍റിന്‍റെ ഇരുസഭകളും താൽക്കാലികമായി നിർത്തിവെച്ചു. തുടർന്ന് ഗാന്ധിപ്രതിമക്ക് മുന്നിൽ പ്രതിപക്ഷ എം.പിമാർ ധർണ നടത്തി.
കോൺഗ്രസ് എം.പിമാർക്ക് പുറമെ ഡി.എം.കെ, എൻ.സി.പി, ബി.ആർ.എസ് എം.പിമാരും പ്രതിഷേധ സൂചകമായി കറുത്ത വസ്ത്രമണിഞ്ഞാണ് പാർലമെന്‍റിൽ എത്തിയത്. രാവിലെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ പ്രതിപക്ഷപാർട്ടി നേതാക്കളുടെ യോഗം ചേർന്നിരുന്നു. യോഗത്തിൽ എസ്.പി, ജെ.ഡി.യു, ബി.ആർ.എസ്, സി.പി.എം, ആർ.ജെ.ഡി, എൻ.സി.പി, സി.പി.ഐ, ഐ.യു.എം.എൽ, എ.എ.പി, ആർ.എസ്.പി, ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) എന്നിവരുൾപ്പടെ 17 പ്രതിപക്ഷപാർട്ടികൾ പങ്കെടുത്തു.
യോഗത്തിൽ തൃണമൂൽ കോൺഗ്രസിന്‍റെ പ്രതിനിധികളും പങ്കെടുത്തിരുന്നു. പ്രസൂൺ ബാനർജി, ജവഹർ സർക്കാർ എന്നിവരാണ് തൃണമൂലിന്‍റെ പ്രതിനിധികളായി യോഗത്തിൽ പങ്കെടുത്തത്. ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാൻ മുന്നോട്ട് വരുന്ന ആരെയും കോൺഗ്രസ് സ്വാഗതം ചെയ്യുമെന്ന് ഖാർഗെ യോഗത്തിൽ പറഞ്ഞു. പിന്തുണച്ച എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

