ജസ്റ്റിസ് ഗോയലിനെ പുറത്താക്കണമെന്ന് പട്ടികവിഭാഗ നേതാക്കൾ
text_fieldsന്യൂഡൽഹി: അതിക്രമങ്ങളിൽനിന്ന് പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് സംരക്ഷണംനൽകുന്ന നിയമം ദുർബലപ്പെടുത്തി വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ബെഞ്ചിൽ അംഗമായിരുന്ന ജസ്റ്റിസ് എ.കെ. ഗോയലിനെ ദേശീയ ഹരിത ൈട്രബ്യുണൽ അധ്യക്ഷനാക്കിയ കേന്ദ്രസർക്കാർ തീരുമാനത്തിൽ വ്യാപക പ്രതിഷേധം.
കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാൻ ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ്ങിനും മകനും എം.പിയുമായ ചിരാഗ് പാസ്വാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പ്രതിഷേധക്കത്ത് അയച്ചു. ലോക്സഭയിൽ നിയമനപ്രശ്നം കോൺഗ്രസിലെ കൊടിക്കുന്നിൽ സുരേഷ് ഉയർത്തിയത് സർക്കാറിനെതിരെ ഒച്ചപ്പാടുകൾ ഉയർത്തി. നിരവധി പിന്നാക്ക വിഭാഗം നേതാക്കളും എം.പിമാരും കേന്ദ്രസർക്കാർ തീരുമാനത്തെ എതിർത്തു.
സംഘ്പരിവാറിന് വേണ്ടപ്പെട്ടയാളാണ് ജസ്റ്റിസ് ഗോയൽ എന്ന് കൊടിക്കുന്നിൽ സുരേഷ് ലോക്സഭയിൽ ആരോപിച്ചു. പ്രതിഫലം നൽകുകയാണ് സർക്കാർ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയിലെ അനുരാഗ് താക്കൂർ എതിർത്തു. സുപ്രീംകോടതിയിൽനിന്ന് വിരമിച്ച ദിവസംതന്നെയാണ് ഹരിത ൈട്രബ്യുണൽ ചെയർമാനായി ജസ്റ്റിസ് എ.കെ. ഗോയലിനെ നിയമിച്ചത്. ഇത് തെറ്റായ സന്ദേശമാണെന്ന് പിന്നാക്ക വിഭാഗക്കാരായ എം.പിമാർ പറയുന്നു. വിവാദ വിധിക്കുള്ള പ്രതിഫലമായി വ്യാഖ്യാനിക്കപ്പെടുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ജസ്റ്റിസ് ഗോയലിനെ ൈട്രബ്യുണൽ അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റണമെന്ന് അഖിലേന്ത്യ അംബേദ്കർ മഹാസഭ ആവശ്യപ്പെട്ടു.
പട്ടികവിഭാഗ പീഡന നിരോധന നിയമത്തിലെ വ്യവസ്ഥകൾ ദുർബലപ്പെടുത്തി മാർച്ച് 20നാണ് ജസ്റ്റിസുമാരായ എ.കെ. ഗോയൽ, യു.യു. ലളിത് എന്നിവരുടെ ഉത്തരവ് ഉണ്ടായത്.
പ്രതിക്ക് മുൻകൂർ ജാമ്യത്തിന് അവസരം, കേസ് രജിസ്റ്റർ ചെയ്യുന്നതിനുമുമ്പ് പ്രാഥമിക അന്വേഷണം തുടങ്ങിയ വ്യവസ്ഥകൾ ഉത്തരവിെൻറ ഭാഗമാണ്. ഇക്കഴിഞ്ഞ ഒമ്പതിനാണ് ജസ്റ്റിസ് ഗോയലിനെ ഹരിത ൈട്രബ്യുണൽ അധ്യക്ഷനാക്കിയത്. സുപ്രീംകോടതി വിധി മൂലം പട്ടികവിഭാഗങ്ങൾക്ക് നഷ്ടപ്പെട്ട പരിരക്ഷ പുനഃസ്ഥാപിക്കാൻ നിയമനിർമാണം നടത്തുമെന്ന് കേന്ദ്രസർക്കാർ പറഞ്ഞിരുന്നു. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും നിയമനിർമാണ നടപടികളിലേക്ക് സർക്കാർ കടന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
