ലോക്ഡൗണിലെ അദ്ഭുതം: നാലുപേരുടെ 10 ലക്ഷം രൂപയുടെ വായ്പ തിരിച്ചടച്ച് ‘കാവൽമാലാഖ’
text_fieldsഗുവാഹത്തി: ഒരു കൈകൊണ്ട് കൊടുക്കുന്നത് മറുകൈ പോലും അറിയരുതെന്നാണ് പറയാറുള്ളത്. എന്നാൽ സാധാരണ ചെറിയൊരു സഹായം നൽകിയാൽപോലും സാമൂഹിക മാധ്യമങ്ങളിലും മറ്റും അതെകുറിച്ച് വിസ്തരിച്ച് അഭിമാനം കൊള്ളുന്നവരാണ് മിക്കവരും. എന്നാൽ അവരിൽ നിന്നൊക്കെ വ്യത്യസ്തനാണ് മിസോറാമിൽ നിന്നുള്ള ‘കാവൽമാലാഖ’. ലോക്ഡൗണിൽ പ്രതിസന്ധിയിലായ ഒരിക്കൽ പോലും പരിചയമില്ലാത്ത നാലുപേരുടെ ബാങ്ക്വായ്പ തിരിച്ചടിച്ചാണ് അദ്ദേഹം അദ്ഭുതമാകുന്നത്. ഇദ്ദേഹത്തെ കാവൽമാലാഖയായി വാഴ്ത്തുകയാണ് നാട്ടുകാർ.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ചെന്ന് സഹായം ആവശ്യമുള്ള നാലുപേരുടെ വായ്പ അടയ്ക്കാമെന്നു പറഞ്ഞു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഐസ്വാൾ ബ്രാഞ്ചിനെ സമീപിക്കുകയായിരുന്നു ഇദ്ദേഹം. ചെയ്യുന്ന പ്രവൃത്തിക്ക് പബ്ലിസിറ്റി വേണ്ടെന്നും തെൻറ പേര് വെളിപ്പെടരുത്തരുതെന്നും ബാങ്ക് അധികൃതരെ ശട്ടംകെട്ടുകയും ചെയ്തു. മൂന്നു സ്ത്രീകളുൾപ്പെടെ നാലുപേരുടെ വായ്പതുകയായ 9,96,365രൂപയാണ് അടച്ചുതീർത്തത്.
‘‘ബാങ്കിലെ മൂന്നുനാല് ഉദ്യോഗസ്ഥർക്ക് ഇദ്ദേഹത്തെ അറിയാമായിരുന്നു. അത്കൊണ്ടാണ് ഇങ്ങനെയൊരു വാഗ്ദാനവുമായി മുന്നിലെത്തിയപ്പോൾ സ്വീകരിക്കാൻ തയാറായത്. വായ്പ തിരിച്ചടക്കാൻ ബുദ്ധിമുട്ടുന്ന കുറച്ചുപേരെ സഹായിക്കാൻ ആഗ്രഹിക്കുന്നുവെന്നും 10 ലക്ഷം രൂപ അതിനായി നൽകാമെന്നുമാണ് അദ്ദേഹം അറിയിച്ചത്’’-എസ്.ബി.ഐ ബ്രാഞ്ച് അസിസ്റ്റൻറ് ജനറൽ മാനേജർ ഷെറിൽ വാൻചോങ് മാധ്യമങ്ങളോട് പറഞ്ഞു. തുടർന്ന് കോവിഡ് മൂലം ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായ നാലുപേരെ തെരഞ്ഞെടുക്കുകയായിരുന്നു. വിവരമറിയിച്ച ഉടൻ അജ്ഞാതൻ ഓൺലൈൻ വഴി വായ്പ അടക്കുകയും ചെയ്തു. നടപടിക്രമങ്ങൾ പൂർത്തിയാക്കി നാലുപേരെയും ബാങ്കിൽ വിളിച്ചുവരുത്തി കാര്യങ്ങൾ അറിയിച്ചപ്പോൾ അവർ നിറകണ്ണുകളോെട നന്ദി പറയാൻ വാക്കുകൾ കിട്ടാതെ വിഷമിക്കുകയായിരുന്നുവെന്നു ഷെർലി കൂട്ടിച്ചേർത്തു.
സഹായം ലഭിച്ചവരിലൊരാളായ മോന എൽ ഫനായി കാവൽ മാലാഖക്ക് നന്ദിപറഞ്ഞ് വിവരം സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. ആദ്യമായാണ് ഇത്തരത്തിലൊരാൾ സഹായവാഗ്ദാനവുമായി വരുന്നതെന്നും നിരവധി പേരെ സഹായിക്കുന്ന അദ്ദേഹത്തിെൻറ പേര് വെളിപ്പെടുത്താൻ നിർവാഹമില്ലെന്നും എസ്.ബി.ഐക്ക് വേണ്ടപ്പെട്ട കസ്റ്റമർ ആണെന്നും ഷെറിൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
