ബംഗളൂരു: കോവിഡ് കേസുകളും മരണവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ദക്ഷിണ കന്നട ജില്ലയിലും ലോക്ഡൗൺ ഏർപ്പെടുത്തിയേക്കും. മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുമായി തിങ്കളാഴ്ച നടക്കുന്ന ചർച്ചക്കു ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് ജില്ല ചുമതലയുള്ള മന്ത്രി കോട്ട ശ്രീനിവാസ പൂജാരി പറഞ്ഞു.
സംസ്ഥാനത്ത് ബംഗളൂരു കഴിഞ്ഞാൽ ഏറ്റവുമധികം കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കേരള അതിർത്തി ജില്ലയായ ദക്ഷിണ കന്നടയിലാണ്. മംഗളൂരു നഗരത്തിലും നിരവധി കേസുകളാണുള്ളത്.
രാവിലെ 11ന് വിഡിയോ കോൺഫറൻസിങ് വഴി നടക്കുന്ന ചർച്ചയിൽ മന്ത്രി കോട്ട ശ്രീനിവാസ പൂജാരി, ജില്ലയിൽനിന്നുള്ള എം.പിയും ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ നളിൻകുമാർ കട്ടീൽ, ദക്ഷിണ കന്നട ഡെപ്യുട്ടി കമീഷണർ സിന്ധു ബി. രൂപേഷ് എന്നിവർ പെങ്കടുക്കും. ജനങ്ങളെ പ്രയാസത്തിലാക്കുന്ന രീതിയിൽ ലോക്ഡൗൺ നടപ്പാക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
ദക്ഷിണ കന്നട ജില്ലയിലെ കോവിഡ് കേസുകളുടെ എണ്ണം ശനിയാഴ്ച 2000 പിന്നിട്ടിരുന്നു. രോഗലക്ഷണമുള്ളവര്‍ ആശുപത്രികളില്‍ എത്താൻ വൈകുന്നതാണ് ജില്ലയിൽ കോവിഡ് മരണം വർധിക്കാനുള്ള പ്രധാന കാരണമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു.
മംഗളൂരുവിലെ വെന്‍ലോക്ക് ആശുപത്രിയില്‍ നടന്ന 38 മരണങ്ങളില്‍ 35 പേര്‍ക്കും പനി, ജലദോഷം തുടങ്ങിയ ചെറിയ ലക്ഷണങ്ങളുണ്ടായിരുന്നതായി വിദഗ്ധ സമിതി അംഗങ്ങളായ ഡോ. ഹൻസ്രാജ് ആല്‍വ, ഡോ. മുരളീധര്‍ യദിയാല്‍ എന്നിവര്‍ പറഞ്ഞു. രോഗലക്ഷണങ്ങള്‍ അവഗണിക്കാതെ പനി ക്ലിനിക്കുകളിൽ ചികിത്സ തേടണമെന്ന് ഡെപ്യൂട്ടി കമീഷണര്‍ സിന്ധു ബി. രൂപേഷ് ജനങ്ങളോട് അഭ്യര്‍ഥിച്ചു.