ലോക്ഡൗൺ ഗ്രാമീണ ജനതയുടെ നടുവൊടിച്ചു; വരുമാനമിടിവ് ഗുരുതര പ്രശ്നമെന്ന് പഠനം
text_fieldsന്യൂഡൽഹി: കോവിഡ് ലോക്ഡൗൺ ഗ്രാമീണ ജനതയെ ഗുരുതരമായി ബാധിച്ചതായി പഠനം. എൻ.ജി.ഒകളായ ഇന്ത്യൻ സ്കൂൾ ഓഫ് ഡെവലപ്മെൻറ് മാനേജ്മെൻറും (ഐ.എസ്.ഡി.എം) ഇംപാക്ടും നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഗ്രാമങ്ങളിൽ വരുമാനവും നിത്യവൃത്തിയും വഴിമുട്ടിയത് ഗൗരവമുള്ളതാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
'കോവിഡ് അനന്തര സാഹചര്യത്തിൽ ഉയർന്നുവന്ന വെല്ലുവിളികൾ' എന്ന പേരിൽ രാജസ്ഥാൻ, ഹരിയാന, ബിഹാർ, പശ്ചിമ ബംഗാൾ, യു.പി, മധ്യപ്രദേശ് തുടങ്ങി 10 സംസ്ഥാനങ്ങളിലെ 900 ഗ്രാമങ്ങളിലായി 4800 വീടുകൾ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. നിത്യവൃത്തിക്കു പുറമെ, ശുദ്ധമായ കുടിവെള്ളത്തിെൻറ അഭാവം, കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ തുടങ്ങി നിരവധി പ്രശ്നങ്ങൾ ഉടലെടുെത്തന്നും അടിയന്തരവും ഗൗരവതരവുമായ പരിഗണന അർഹിക്കുന്നതാണിവയെന്നും പറയുന്നു.
ലോക്ഡൗണിനു ശേഷം 17 ശതമാനത്തിനു മാത്രമാണ് ജോലി തുടർന്നും ലഭിച്ചത്. 96 ശതമാനത്തിനും നാലു മാസം കഴിഞ്ഞിട്ടും പൂർവസ്ഥിതിയിൽ എത്താനായിട്ടില്ല. നഗരങ്ങളിൽനിന്ന് തിരിച്ചുള്ള പലായനം കാര്യമായ പ്രശ്നം സൃഷ്ടിച്ചതായി 15 ശതമാനം പേരെങ്കിലും കരുതുന്നു. ഒരോ 10 കുടുംബങ്ങളെ എടുത്തപ്പോൾ അതിൽ നാല് കുടുംബങ്ങൾക്ക് പുറത്തുനിന്നുള്ള സഹായമില്ലാതെ ഒരു മാസം പോലും കഴിയാനാവില്ലെന്ന് കണ്ടെത്തി.
ഇവിടങ്ങളിലെ ബിരുദധാരികളിൽ ഓരോ മൂന്നിലൊരാളും നിത്യകൂലിക്കാരനോ അന്തർ സംസ്ഥാന തൊഴിലാളിയോ ആണെന്നും സർവേ വ്യക്തമാക്കുന്നു. ഗ്രാമീണ ഇന്ത്യയിൽ യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ നൽകിയ ദേശീയ തൊഴിലുറപ്പ് പദ്ധതി പോലുള്ള കൂടുതൽ സംവിധാനങ്ങൾ അനിവാര്യമാണെന്നും ഐ.എസ്.ഡി.എമ്മിെൻറ അരുണ പാണ്ഡെ പറഞ്ഞു. കോവിഡ് പശ്ചാത്തലത്തിൽ മാർച്ച് 25നാണ് കേന്ദ്രം അപ്രതീക്ഷിത ലോക്ഡൗൺ പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

