ലോക്ഡൗൺ മെയ് 31 വരെ: വിദ്യാലയങ്ങൾ അടഞ്ഞു തന്നെ, വിമാനങ്ങൾക്കും അനുമതിയില്ല
text_fieldsന്യൂഡല്‍ഹി: രാജ്യമാകെ മേയ് 31 വരെ ലോക്ഡൗൺ നീട്ടി കേന്ദ്രം പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ചുവപ്പും ഓറഞ്ചും പച്ചയും സോണുകള്‍ ഏതെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്ക് നല്കി. നാലാം ഘട്ട ലോക്ഡൗണിൽ പൊതുഗതാഗത സേവനങ്ങള്‍ക്കും അന്തര്‍സംസ്ഥാന ബസുകള്‍ക്കും അനുമതി നല്കി. ആഭ്യന്തര, അന്തര്‍ദേശീയ വിമാന സര്‍വിസുകള്‍ക്കും മെട്രോ െറയില്‍ സര്‍വിസിനും വിലക്ക് തുടരും. പകല്‍ സഞ്ചാര സ്വാതന്ത്ര്യമുണ്ട്. എന്നാൽ, രാത്രി ഏഴു മണി മുതല്‍ രാവിലെ ഏഴു വരെ ക്രിമിനല്‍ നടപടി ക്രമം 133 പ്രകാരം കര്‍ഫ്യൂ ഏര്‍പ്പെടുത്തും. അവശ്യ സേവനങ്ങള്‍ മാത്രമാണ് ഇതില്‍ നിന്നൊഴിവാകുക.
സ്കൂളുകളും ഹോട്ടലുകളും സിനിമ ഹാളുകളും ബാറുകളും ജിംനേഷ്യങ്ങളും സ്വിമ്മിങ് പൂളുകളും അടഞ്ഞുകിടക്കും. പകല്‍സമയത്ത് 10നും 60നുമിടയില്‍ പ്രായമുള്ളവര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ചു. എന്നാല്‍, 10 വയസ്സിന് താഴെയുള്ള കുട്ടികള്‍, 65ന് മുകളില്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ അവശ്യ, ആരോഗ്യ സേവനങ്ങള്‍ക്കല്ലാതെ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്. ഇ-വ്യാപാരത്തിന് അനുമതി നൽകി. കൊറോണ വൈറസ് പടരുന്ന സാഹചര്യം പരിഗണിച്ച് ദേശീയ ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടതു പ്രകാരമാണ് ലോക്ഡൗണ്‍ നീട്ടിയത്. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പാലിക്കാന്‍ മുഴുവന്‍ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ കാര്യാലയങ്ങള്‍ക്കും നിര്‍ദേശം നല്‍കണമെന്ന് അതോറിറ്റി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയോട് ആവശ്യപ്പെട്ടു.
കോവിഡ് വ്യാപനം അടിസ്ഥാനമാക്കി വിവിധ സോണുകളാക്കി തിരിക്കുന്നതിനുള്ള അധികാരം തങ്ങള്‍ക്ക് വേണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യമാണ് കേന്ദ്രം അംഗീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിെൻറയും കേന്ദ്ര സര്‍ക്കാറിെൻറയും മാനദണ്ഡങ്ങള്‍ക്ക് വിധേയമായിട്ടാകണം സംസ്ഥാനങ്ങള്‍ വിവിധ സോണുകളാക്കി തിരിക്കേണ്ടത്. ഓറഞ്ച്, റെഡ് സോണുകള്‍ക്കകത്ത് കണ്ടെയ്ൻമെൻറ് സോണ്‍ ജില്ല ഭരണകൂടം തീരുമാനിക്കും. അവിടെ അവശ്യസേവനങ്ങള്‍ മാത്രമേ അനുവദിക്കൂ. സ്പോര്‍ട്സ് കോംപ്ലക്സുകള്‍, സ്റ്റേഡിയങ്ങള്‍ എന്നിവ തുറക്കാമെങ്കിലും കാണികളെ അനുവദിക്കില്ല.
യാത്ര വിമാനങ്ങള്‍ക്ക് വിലക്കുണ്ടെങ്കിലും എയര്‍ ആംബുലന്‍സ് അടക്കമുള്ള ആരോഗ്യ സേവനങ്ങളും സുരക്ഷയുമായി ബന്ധപ്പെട്ട സേവനങ്ങളും വ്യോമമാര്‍ഗം അനുവദിക്കും. മെട്രോ െറയില്‍ സര്‍വിസ്, സ്കൂളുകള്‍, കോളജുകള്‍, വിദ്യാഭ്യാസ പരിശീലന സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കും. വിദൂര വിദ്യാഭ്യാസ സമ്പ്രദായം പ്രോത്സാഹിപ്പിക്കും. ഹോട്ടലുകളും റസ്റ്റാറൻറുകളും തുറക്കാനാവില്ല. എന്നാല്‍, ഭക്ഷണം ഹോം ഡെലിവറിയായി നല്കാൻ കിച്ചണ്‍ പ്രവര്‍ത്തിപ്പിക്കാം. ബസ് ഡിപ്പോകള്‍, െറയില്‍വേ സ്റ്റേഷനുകള്‍, എയര്‍പോര്‍ട്ടുകള്‍ എന്നിവിടങ്ങളിലെ കാൻറീനുകളും തുറക്കും.
എല്ലാ മതങ്ങളുടെയും ആരാധന കേന്ദ്രങ്ങളും പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാതെ അടച്ചിടണം. എല്ലാവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, അക്കാദമിക, വിനോദ സംഗമങ്ങളും വലിയ സമ്മേളനങ്ങളും വിലക്കി. സിനിമ ഹാളുകള്‍, ഷോപ്പിങ് മാളുകള്‍, ജിംനേഷ്യം, വിനോദ പാര്‍ക്കുകള്‍, തിയറ്ററുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവക്ക് പ്രവർത്തനാനുമതിയില്ല. അന്തര്‍ സംസ്ഥാന ബസ് സര്‍വിസുകളും പൊതു ഗതാഗതവും കണ്ടെയ്ൻമെൻറ് സോണുകളൊഴികെയുള്ളിടങ്ങളിലാണ് നിയന്ത്രണങ്ങളോടെ അനുവദിച്ചത്.
പുതിയ മാർഗ നിർദേശങ്ങൾ
- നിബന്ധനകളോടെ അന്തർ സംസ്ഥാന ബസ് സർവീസ് അനുവദിക്കും. രണ്ട് സംസ്ഥാനങ്ങളും തമ്മിലുള്ള ധാരണ പ്രകാരം അന്തർ സംസ്ഥാന ബസ് സർവീസ് ആകാം.
- സംസ്ഥാനങ്ങൾക്കുള്ളിൽ സർക്കാറിൻെറ തീരുമാനമനുസരിച്ച് ബസ് സർവീസുകളാവാം.
- സ്കൂളുകൾ, കോളജുകൾ, പരിശീലന സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവ അടഞ്ഞു തന്നെ. ഓൺലൈൻ/വിദൂര വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കും.
- ആരാധനാലയങ്ങൾ, ഹോട്ടൽ, റെസ്റ്ററൻറുകൾ, തീയറ്ററുകൾ, മാളുകൾ, ജിംനേഷ്യം, പാർക്കുകൾ, ബാറുകൾ, ഓഡിറ്റോറിയങ്ങൾ എന്നിവ അടഞ്ഞു കിടക്കും.
- പൊതു സമ്മേളനങ്ങളും വിനോദ, കായിക, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ പരിപാടികളോ അനുവദിക്കില്ല.
- രാത്രി യാത്രക്ക് കടുത്ത നിയന്ത്രണം. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ രാത്രി ഏഴ് മണി മുതൽ രാവിലെ ഏഴ് വരെയുള്ള യാത്രക്കുള്ള നിരോധനം തുടരും.
- ആഭ്യന്തര- അന്താരാഷ്ട്ര വിമാന സർവീസിന് അനുമതിയില്ല
- സോണുകൾ സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം
- മെട്രോ, റെയിൽ സേവനങ്ങൾ അനുവദിക്കില്ല
- കണ്ടൈൻമെൻറ് സോണുകളിൽ കർശന നിയന്ത്രണങ്ങൾ തുടരും. ഇവിടങ്ങളിൽ അവശ്യ സേവനങ്ങൾ മാത്രമേ അനുവദിക്കുകയുള്ളൂ.
- അടിയന്തര ആരോഗ്യ കാര്യങ്ങൾക്കല്ലാതെ 65 വയസിന് മുകളിലുള്ളവരും, ഗർഭിണികളും, പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികളും വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പാടില്ല.
- തുപ്പുന്നത് ശിക്ഷാര്‍ഹം
- മുഖാവരണം നിര്‍ബന്ധം
- സാമൂഹിക അകലം അനിവാര്യം
- വിവാഹച്ചടങ്ങിന് 50 പേരാകാം, മരണാനന്തര ചടങ്ങില്‍ 20 പേര്
- മദ്യം, പാന്‍, ഗുഡ്ക, പുകയില നിരോധനം
- ഉപഭോക്താക്കള്‍ക്കിടയില്‍ ആറടി അകലം
- പരമാവധി ജോലി വീട്ടില്‍നിന്നാക്കുക
- തൊഴിലിടങ്ങളിലെ കവാടങ്ങളില്‍ തെര്‍മല്‍ സ്കാനിങ്ങും സാനിറ്റൈസറും ഹാൻഡ്വാഷും
- തൊഴിലാളികള്‍ തമ്മില്‍ അകലം പാലിക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
