മൂന്നാം പൂട്ട് തുറക്കുന്നു; മാറ്റങ്ങൾ ഇവയാണ്...
text_fieldsതിരുവനന്തപുരം: കേന്ദ്രസർക്കാർ മുന്നോട്ടുവെച്ച ചട്ടക്കൂടിനകത്ത് നിന്നുകൊണ്ട് മൂന്നാം ലോക്ഡൗൺ നിയന്ത്രണങ്ങൾ ഇന്നുമുതൽ സംസ്ഥാനത്ത് പ്രാബല്യത്തിൽവരും. കേന്ദ്ര സർക്കാർ പൊതുവായി അനുവദിച്ച ഇളവുകൾ നടപ്പാക്കുമ്പോൾ തന്നെ ചില കാര്യങ്ങളിൽ പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തിയാണ് കേരളം പൂട്ട് പതിയെ തുറക്കുന്നത്.
റെഡ് സോണിലെ ജില്ലകളിലെ ഹോട്സ്പോട്ട് (കണ്ടയിൻമെൻറ് സോൺ) പ്രദേശങ്ങളിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി തുടരും. ഹോട്സ്പോട്ടുകൾ ഉള്ള നഗരസഭകളുടെ കാര്യത്തിൽ അതത് വാർഡുകളാണ് അടച്ചിടുക.
പഞ്ചായത്തുകളുടെ കാര്യത്തിൽ പ്രസ്തുത വാർഡും അതിനോട് കൂടിച്ചേർന്നു കിടക്കുന്ന വാർഡുകളും അടച്ചിടും. ഗ്രീൻ സോണുകളിൽ ഉൾപ്പെടെ പൊതുഗതാഗതം അനുവദിക്കില്ല. സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവർക്കു പുറമെ രണ്ടുപേരിൽ കൂടുതൽ യാത്ര പാടില്ല(ഹോട്സ്പോട്ടുകളിൽ ഒഴികെ). ടൂവീലറുകളിൽ പിൻസീറ്റ് യാത്ര കഴിയുന്നതും ഒഴിവാക്കണം. അത്യാവശ്യ കാര്യത്തിനായി പോകുന്നവർക്ക് ഇളവ് അനുവദിക്കും (ഹോട്സ്പോട്ടുകളിൽ ഒഴികെ).
അനുവദനീയമായവ
കടകൾ
- ഗ്രീൻ സോണുകളിൽ കടകമ്പോളങ്ങളുടെ പ്രവർത്തന സമയം രാവിലെ 7 മുതൽ രാത്രി 7.30 വരെ. അകലം സംബന്ധിച്ച നിബന്ധനകൾ പാലിക്കണം. ഇത് ആഴ്ചയിൽ ആറുദിവസം അനുവദിക്കും. ഓറഞ്ച് സോണുകളിൽ നിലവിലെ സ്ഥിതി തുടരും.
- ഗ്രീൻ സോണുകളിലെ സേവന മേഖലയിലെ സ്ഥാപനങ്ങൾ ആഴ്ചയിൽ മൂന്നു ദിവസം പരമാവധി 50 ശതമാനം ജീവനക്കാരുടെ സേവനം ഉപയോഗിച്ച് പ്രവർത്തിക്കം. ഓറഞ്ച് സോണുകളിൽ നിലവിലെ സ്ഥിതി തുടരും.
- ഹോട്സ്പോട്ടുകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ ഹോട്ടലുകൾക്കും റസ്റ്റാറൻറുകൾക്കും പാഴ്സലുകൾ നൽകാനായി തുറക്കാം. നിലവിലെ സമയക്രമം പാലിക്കണം.
- ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെൻറ് ആക്ടിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്ക് നിലവിലെ സ്ഥിതി തുടരാം. ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്സ്റ്റൈൽ സ്ഥാപനങ്ങൾ അഞ്ചിൽ താഴെ ജീവനക്കാരുടെ സേവനത്തോടെ തുറന്നു പ്രവർത്തിക്കാം. ഈ ഇളവുകൾ ഗ്രീൻ/ ഓറഞ്ച് സോണുകൾക്കാണ് ബാധകം.
- ഗ്രീൻ, ഓറഞ്ച് സോണുകളിൽ നിയന്ത്രണങ്ങൾക്കു വിധേയമായി ടാക്സി, ഉബർ പോലുള്ള കാബ് സർവിസുകൾ അനുവദിക്കും. ഡ്രൈവറും രണ്ട് യാത്രക്കാരും മാത്രമേ പാടുള്ളു.
യാത്ര
- ഹോട്സ്പോട്ടുകളിൽ ഒഴികെ ഗ്രീൻ, ഓറഞ്ച് സോണുകളിൽ അന്തർ ജില്ല യാത്രക്ക് (അനുവദിക്കപ്പെട്ട കാര്യങ്ങൾക്കു മാത്രം) അനുമതി നൽകും. കാറുകളിൽ പരമാവധി രണ്ട് യാത്രക്കാരും ഡ്രൈവറും.
- ചരക്കുവാഹനങ്ങളുടെ നീക്കത്തിന് നിയന്ത്രണങ്ങൾ ഉണ്ടാകില്ല. പ്രത്യേക പെർമിറ്റും വേണ്ടതില്ല.
- അത്യാവശ്യ കാര്യങ്ങൾക്ക് രാവിലെ 7 മുതൽ വൈകീട്ട് 7.30 വരെ ജനങ്ങൾക്ക് പുറത്തിറങ്ങാം. (ഹോട്സ്പോട്ടിലൊഴികെ). പ്രഭാതസവാരി (നിശ്ചിത അകലത്തിൽ). എന്നാൽ, 65ന് മുകളിലുള്ളവരും പത്തുവയസ്സിനു താഴെയുള്ളവരും വീടുകളിൽ തന്നെ കഴിയണം. വൈകീട്ട് 7.30 മുതൽ രാവിലെ ഏഴുവരെയുള്ള രാത്രികാല സഞ്ചാരത്തിന് നിയന്ത്രണമുണ്ടാകും.
- അത്യാവശ്യവും അനുവദനീയവുമായ കാര്യങ്ങൾക്ക് റെഡ്സോണുകളിലും വാഹനങ്ങൾ ഓടാൻ അനുവദിക്കും. ഡ്രൈവറും രണ്ട് യാത്രക്കാരും മാത്രമേ ഉണ്ടാകാവൂ. ടൂവീലറിൽ പിൻസീറ്റ് യാത്രക്ക് അനുവാദമില്ല. കൃഷിയും വ്യവസായവുമായി ബന്ധപ്പെട്ട് നേരത്തേ അനുവദിച്ച ഇളവുകൾ തുടരും.
പൂർണ നിയന്ത്രണങ്ങൾ
- ഗ്രീൻ സോണിൽ ഉൾപ്പെടെ ആളുകൾ കൂടിച്ചേരുന്ന പരിപാടികൾ പാടില്ല. സിനിമ തിയറ്റർ, ആരാധനാലയങ്ങൾ തുടങ്ങിയവയിലുള്ള നിയന്ത്രണം തുടരും. പാർക്കുകൾ, ജിംനേഷ്യം തുടങ്ങിയവ ഉണ്ടാകില്ല. മദ്യഷാപ്പുകൾ, മാളുകൾ, ബാർബർ േഷാപ്പുകൾ, ബ്യൂട്ടി പാർലറുകൾ തുറക്കില്ല.
- വിവാഹ/മരണാനന്തര ചടങ്ങുകളിൽ ഇരുപതിലധികം ആളുകൾ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല. പരീക്ഷകൾ നിബന്ധനകൾ പാലിച്ച് മാത്രം. അവശ്യ സർവിസുകളല്ലാത്ത സർക്കാർ ഓഫിസുകൾ നിലവിലെ രീതിയിൽ തന്നെ മേയ് 15 വരെ പ്രവർത്തിക്കാം.
- ഗ്രൂപ് എ, ബി ഉദ്യോഗസ്ഥരുടെ 50 ശതമാനവും സി, ഡി ഉദ്യോഗസ്ഥരുടെ 33 ശതമാനവും ഓഫിസുകളിൽ ഹാജരാകാം ഞായറാഴ്ച പൂർണ ഒഴിവ് ദിവസമായിരിക്കും. കടകളോ ഓഫിസുകളോ സ്ഥാപനങ്ങളോ തുറക്കാൻ പാടില്ല. അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ വാഹനങ്ങൾ പുറത്തിറക്കരുതെന്നും നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
