ജീവിതം തെരുവുനായയേക്കാൾ കഷ്ടം - 72ാം വയസിലും കപിൽ ദേവ് സിങ് നടക്കുകയാണ്
text_fieldsകൊൽക്കത്ത: "എത്ര ദിവസമായി നടപ്പ് തുടങ്ങിയിട്ടെന്നറിയില്ല. എത്ര ദൂരം നടന്നെന്നും അറിയില്ല. ഒന്നു മാത്രമറിയാം. തെരുവുനായയേക്കാൾ കഷ്ടമാണ് ജീവിതം' - വിയർപ്പിനൊപ്പം കണ്ണീരും ഒഴുകുന്നുണ്ടായിരുന്നു ഇത് പറയാമ്പോൾ 72കാരനായ കപിൽദേവ് സിങിന്റെ മുഖത്ത്.
തെലങ്കാനയിലെ ഒരു റൈസ് മില്ലിലെ തൊഴിലാളിയായ കപിൽദേവിന് ഈ പ്രായത്തിൽ നടക്കേണ്ടി വന്നത് 1400 ഓളം കിലോമീറ്ററാണ്. ലക്ഷ്യത്തിലെത്തണമെങ്കിൽ ഇനിയും 800 കിലോമീറ്റർ താണ്ടണം. തെലങ്കാനയിലെ ഖമ്മാമിൽ നിന്ന് ഒരാഴ്ചയായി തുടങ്ങിയ നടത്തം കൊൽക്കത്ത എത്തിയതേയുള്ളു. ബിഹാറിലെ ഭഗൽപുരിനടുത്തുള്ള ഖഗാരിയയിലെ വീടെത്തും വരെ ജീവൻ നിലനിൽക്കണേയെന്ന പ്രാർഥനയേ ഉള്ളു ഈ വൃദ്ധന്.
ലോക്ഡൗണിൽ മില്ല് അടച്ചപ്പോൾ തൊഴിൽ നഷ്ടമായതാണ്. ലോക്ഡൗൺ പിൻവലിച്ച് മില്ല് തുറക്കുമെന്ന പ്രതീക്ഷയായിരുന്നു ഒരാഴ്ച മുമ്പ് വരെ. മില്ലുടമ സഹായിക്കാഞ്ഞതിനാൽ ഉള്ളതെല്ലാം വിറ്റാണ് കഴിഞ്ഞത്. രക്ഷയില്ലെന്നായപ്പോൾ അവിടെ നിന്ന് ബീഹാറിലേക്ക് നടക്കുന്ന സംഘത്തിനൊപ്പം കൂടുകയായിരുന്നു.
"എല്ലാം വിറ്റു പെറുക്കി കിട്ടിയ കാശ് കൊണ്ടാണ് തെലങ്കാനയിൽ കഴിഞ്ഞതും ഇതുവരെ വന്നതും. ഇനി മുന്നോട്ട് നടക്കുമ്പോൾ ഭക്ഷണത്തിന് കൈയിൽ പണമില്ല. ദരിദ്രനായി ജനിച്ചത് മാത്രമാണ് ഞാൻ ചെയ്ത ഏക തെറ്റ് "- നിരാശയും ദുഃഖവും മാത്രമാണ് കപിൽ ദേവ് സിങിന്റെ വാക്കുകളിൽ .
അവർ ആക്രോശിച്ചു - 'ഓടൂ ഇവിടെ നിന്ന് '
തെലങ്കാനയിൽ ജോലി ചെയ്തിരുന്ന ഫാക്ടറി അടച്ചതോടെ ജീവിതം വഴിമുട്ടിയപ്പോൾ ബീഹാറിലെ വീട്ടിലേക്ക് നടന്ന് തുടങ്ങിയ സാഹെബ് മല്ലിക്കും ലോക്ഡൗൺ കാലത്ത് പലായനം ചെയ്യുന്ന ലക്ഷക്കണക്കിന് അന്തർ സംസ്ഥാന തൊഴിലാളികളിലൊരാൾ മാത്രം.
'' തെലങ്കാന സർക്കാർ ദിവസത്തിൽ ഒരു നേരം ഭക്ഷണവും വെള്ളവും തരുമായിരുന്നു. മോശം ഭക്ഷണവും വെള്ളവും കഴിച്ച് ഞങ്ങൾക്ക് രോഗവും പിടിപെട്ടു. ക്യാമ്പിൽ കൊറോണ ബാധിച്ചെന്ന് ആരോപിച്ച് പ്രദേശവാസികൾ പട്ടികളെ പോലെയാണ് പെരുമാറിയത്. ഇവിടെ നിന്ന് ഓടിപ്പോകൂ എന്ന് അവർ ആക്രോശിച്ചു. അവർ ആക്രമിച്ചെങ്കിലോയെന്ന് ഭയന്നാണ് നാട്ടിലേക്ക് നടന്നത് " - മല്ലിക് പറയുന്നു.
'ഭിക്ഷാടകരെ പോലെയാണിപ്പോൾ ജീവിതം. ഒരു കപ്പ് ചായ കുടിക്കണമെങ്കിൽ തെണ്ടണം. ഈമാസം ആറിന് മുർഷിദാബാദിലേക്ക് നടന്ന് തുടങ്ങിയതാണ് ഇനി നടക്കാനുള്ള ശേഷിയില്ല" - അനാറുൽ ഷെയ്ഖിന് പറയാനുള്ളത് ഇതായിരുന്നു.
പൂർവികർ എന്ത് തെറ്റ് ചെയ്തിട്ടാണ് ഈ യാതന അനുഭവിക്കേണ്ടി വന്നതെന്നായിരുന്നു നോയിഡ സ്വദേശി തൂഫാൻ കബിരാജിന്റെ ചോദ്യം. 'ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി യാചിക്കുകയാണ്. തെരുവുപട്ടികളെക്കാൾ കഷ്ടമാണ് ഞങ്ങളുടെ ജീവിതം' - കബിരാജിന്റെ വാക്കുകളിൽ പലായനം ചെയ്യേണ്ടി വന്ന സകലരുടെയും വേദനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
