അഞ്ച് പൈസ ചെലവില്ലാതെ ബക്കറ്റ് നിറയെ പെട്രോൾ! മറിഞ്ഞ ടാങ്കർ ലോറിയിൽനിന്ന് പെട്രോൾ ഊറ്റാൻ മത്സരം
text_fieldsപട്ന: പെട്രോൾ വില കുത്തനെ ഉയർന്നുകൊണ്ടേയിരിക്കുന്ന നാട്ടിൽ ഒരു ടാങ്കർ നിറയെ പെട്രോൾ വെറുതേ മുന്നിൽ കൊണ്ടുവെച്ചാൽ നിങ്ങൾ എന്തുചെയ്യും? ഇതിലിത്ര ചോദിക്കാനൊന്നുമില്ല എന്നറിയാം. പക്ഷേ ഇത് അൽപ്പം കടന്നുപോയില്ലേ എന്നാണ് സംശയം.
സംഭവം നടന്നത് ബിഹാറിലെ മിസാപൂരിനടുത്തെ അരാരിയയിൽ. പെട്രോളിയം ഉൽപ്പന്നങ്ങളുമായി പോവുകയായിരുന്ന ടാങ്കർലോറി റാണിഗഞ്ച്-ഫോർബിസ്ഗഞ്ച് റോഡിൽവെച്ച് ചോളപ്പാടത്തേക്ക് മറിയുകയായിരുന്നു. തുടർന്ന് നൂറുകണക്കിന് നാട്ടുകാർ അപകട സ്ഥലത്തേക്ക് ഓടിയെത്തി. പക്ഷേ മറിഞ്ഞത് പെട്രോളിയം ഉൽപ്പന്നങ്ങളുമായി വന്ന വണ്ടിയാണെന്ന് മനസ്സിലായതോടെ കുട്ടികളടക്കമുള്ള നാട്ടുകാർ ബക്കറ്റും കൈയിൽ കിട്ടിയ മറ്റ് പാത്രങ്ങളുമായി ടാങ്കറിനടുത്തേക്ക് പാഞ്ഞു. പിന്നെ നടന്നത് ഓയിൽ ഊറ്റാനുള്ള മത്സരംതന്നെയായിരുന്നു.
ഒരു മണിക്കൂർ ഇത് നീണ്ടു. പിന്നീട് പൊലീസ് എത്തിയ ശേഷമാണ് ആളുകൾ പിരിഞ്ഞുപോയത്. വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് അധികൃതർ അറിയിച്ചു. തലനാരിഴക്കാണ് ഡ്രൈവറും സഹായിയും വൻ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്.