അമൃത്സർ ദുരന്തം: പ്രതിഷേധക്കാരെ പാളത്തിൽനിന്ന് ബലംപ്രയോഗിച്ച് നീക്കി
text_fieldsഅമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ട്രെയിൻ അപകടത്തിൽ പ്രതിഷേധിച്ച് പാളം തടസ്സപ്പെടുത്തിയ പ്രദേശവാസികളെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി. പാളത്തിെൻറ മറുഭാഗത്തേക്ക് പ്രതിഷേധക്കാരെ തള്ളിനീക്കി ട്രെയിൻ ഗതാഗതത്തിന് സൗകര്യമൊരുക്കുകയായിരുന്നു. തുടർന്ന് മനവാളയിൽനിന്ന് അമൃത്സറിലേക്കുള്ള ചരക്കുവണ്ടി കടന്നുപോയി.
അപകടത്തെ തുടർന്ന് ട്രെയിൻ ഗതാഗതം 40ലേറെ മണിക്കൂർ മുടങ്ങിയതായി റെയിൽവേ വക്താവ് അറിയിച്ചു. പ്രതിഷേധക്കാരെ മാറ്റുന്നതിനിടെ പൊലീസുമായി ഏറ്റുമുട്ടൽ ഉണ്ടായെന്നും കല്ലേറിൽ കമാൻഡോയും മാധ്യമപ്രവർത്തകനുമുൾപ്പെടെയുള്ളവർക്ക് പരിക്കേറ്റതായും ഉദ്യോഗസ്ഥർ അറിയിച്ചു.
ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് ദ്രുതകർമ സേനയടക്കം വൻ പൊലീസ് സന്നാഹത്തെയാണ് ഇവിടെ വിന്യസിച്ചത്. സംസ്ഥാന സർക്കാറിനെതിരെ മുദ്രാവാക്യം ഉയർത്തിയ പ്രതിഷേധക്കാർ പഞ്ചാബ് മന്ത്രി നവ്ജോദ് സിങ് സിദ്ദു രാജിവെക്കണമെന്നും ട്രെയിൻ ഡ്രൈവർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച ദസറ ആഘോഷത്തിനിടെ പാളത്തിലേക്ക് ട്രെയിൻ പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ 59 പേരാണ് മരിച്ചത്. ഇവരിൽ 40 പേരെ തിരിച്ചറിഞ്ഞു. റെയിൽവേ പൊലീസിലെ അഡീഷനൽ ഡയറക്ടർ ജനറൽ ഇഖ്ബാൽ പ്രീത് സിങ് അപകടം അന്വേഷിക്കുമെന്ന് പഞ്ചാബ് ഡി.ജി.പി സുരേഷ് അറോറ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
