പ്രധാനമന്ത്രിയുടെ സന്ദർശനം നടക്കാനിരിക്കെ മണിപ്പൂരിൽ സംഘർഷം
text_fieldsമണിപ്പൂരിൽ സംഘർഷമുണ്ടായ സ്ഥലം
ഇംഫാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം നടക്കാനിരിക്കെ മണിപ്പൂരിലെ ചുരചന്ദാപൂരിൽ സംഘർഷം. വ്യാഴാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. മോദിയെ സ്വീകരിക്കാനായി കെട്ടിയ കൊടിതോരണങ്ങൾ ഒരു വിഭാഗം നശിപ്പിക്കുകയായിരുന്നു. പ്രധാനമന്ത്രി മോദിയുടെ ഹെലികോപ്ടർ ഇറങ്ങുന്ന ചുരചന്ദാപൂരിലെ ബി.എസ്.എഫ് കേന്ദ്രത്തിന് സമീപമാണ് സംഘർഷമുണ്ടായത്.
മോദിയെ സ്വീകരിക്കാനായി വിവിധ നിറങ്ങളിലുള്ള കൊടികളും മുളകളുമെല്ലാം വഴിയരികിൽ ഒരുക്കിയിരുന്നു. കഴിഞ്ഞ ദിവസം ഒരു സംഘം ആളുകളെത്തി ഇതെല്ലാം അഗ്നിക്കിരയാക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി ഇവരെ ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. സ്ഥിതി ഇപ്പോൾ നിയന്ത്രണവിധേയമാണെന്നും പ്രശ്നങ്ങളൊന്നുമില്ലെന്ന് മണിപ്പൂർ പൊലീസ് മേധാവി പറഞ്ഞു. പൊലീസ്, സി.ആർ.പി.എഫ്, ബി.എസ്.എഫ്, അസം റൈഫിൾസ് എന്നീ സേനാവിഭാഗങ്ങളെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയുടെ മണിപ്പൂർ സന്ദർശനം; സ്വാഗതം ചെയ്ത് കുക്കി സംഘടനകൾ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണിപ്പൂർ സന്ദർശനത്തെ സ്വാഗതം ചെയ്ത് കുക്കി സംഘടനകൾ. നാല് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പ്രദേശം സന്ദർശിക്കുന്നതെന്നും ചരിത്രപരവും അപൂർവവുമായ സന്ദർഭമാണെന്നും കുക്കി സംഘടനകൾ പറഞ്ഞു.
തങ്ങൾക്ക് മാത്രമായി പ്രത്യേക ഭരണ സംവിധാനം വേണമെന്ന കാലങ്ങളായുള്ള ആവശ്യം പ്രധാനമന്ത്രി പരിഗണിക്കണം. സമാധാനം, സുരക്ഷ, നിലനിൽപ് എന്നിവയുടെ ആവശ്യകതയിൽ നിന്നാണ് ഇത്തരമൊരു കാര്യം മുന്നോട്ടുവെക്കുന്നതെന്നും സംഘടന വ്യക്തമാക്കി.
മണിപ്പൂർ സംഘർഷത്തെ തുടർന്ന് കുക്കികൾ നേരിട്ട യാതനകളടക്കം വിവരിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രസ്താവന കുക്കികൾ പുറത്തിറക്കിയത്. പ്രധാനമന്ത്രിയുടെ മണിപ്പൂർ സന്ദർശനം സമാധാന ശ്രമങ്ങൾക്ക് വഴിവെക്കുമെങ്കിൽ സ്വാഗതം ചെയ്യുന്നതായി കത്തോലിക്കാ മെത്രാൻ സമിതി (സി.ബി.സി.ഐ)യും വ്യക്തമാക്കി. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണം.
രാജ്യത്തിന്റെ ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും സി.ബി.സി.ഐ അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. സെപ്റ്റംബർ 13നാണ് പ്രധാനമന്ത്രിയുടെ മണിപ്പൂർ സന്ദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

