അധികാരത്തിലെത്തിയാൽ നിതീഷ് കുമാറിനെ ജയിലിൽ അടക്കുമെന്ന് ചിരാഗ് പാസ്വാൻ
text_fieldsപാറ്റ്ന: ബിഹാറിൽ എൽ.ജെ.പി നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തിയാൽ ഇപ്പോഴത്തെ മുഖ്യമന്ത്രിയും ജെ.ഡി.യു അധ്യക്ഷനുമായ നിതീഷ് കുമാറിനെ അഴിമതിക്കേസിൽ ജയിലിലടക്കുമെന്ന് ചിരാഗ് പാസ്വാൻ. എൽ.ജെ.പി-ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വരുമെന്നും ചിരാഗ് പാസ്വാൻ പറഞ്ഞു.
'എൽ.ജെ.പി അധികാരത്തിലെത്തിയാൽ '7 നിശ്ചയ്' പദ്ധതിയിലെ അഴിമതി അന്വേഷിക്കും. മുഖ്യമന്ത്രി ആയാലും മറ്റാരായാലും കുറ്റക്കാരെന്ന് കണ്ടാൽ ജയിലിൽ അടക്കും' -ബക്സറിലെ ദുംറാവിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ ചിരാഗ് പാസ്വാൻ പറഞ്ഞു.
ബിഹാറിൽ നിരോധനം നടപ്പാക്കിയിട്ടും അനധികൃത മദ്യം ഒഴുകുകയാണ്. മുഖ്യമന്ത്രി നിതീഷ് കുമാറിന് ഇതിന്‍റെ കൈക്കൂലി ലഭിക്കുന്നുണ്ട്. നിതീഷ് രഹിത ബിഹാറിനായി വോട്ട് ചെയ്യണം.
എൽ.ജെ.പി അധികാരത്തിലെത്തിയാൽ ബിഹാർ ഫസ്റ്റ്, ബിഹാറി ഫസ്റ്റ് എന്ന നയം നടപ്പാക്കും. എൽ.ജെ.പിക്ക് വോട്ട് ചെയ്യൂ. മറ്റെല്ലായിടത്തും ബി.ജെ.പിക്ക് വോട്ട് ചെയ്യൂ -ചിരാഗ് പാസ്വാൻ പറഞ്ഞു.
മൂന്ന് ഘട്ടമായാണ് ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട വോട്ടെടുപ്പ് ഒക്ടോബർ 28നും രണ്ടാംഘട്ടം നവംബർ മൂന്നിനും മൂന്നാംഘട്ടം നവംബർ ഏഴിനും നടക്കും. നവംബർ 10നാണ് ഫലപ്രഖ്യാപനം.

