ഒമ്പതു വർഷം പേരില്ലാതെ ജീവിച്ചു; ഒടുവിൽ 'മഹതി'യായി പ്രഖ്യാപിച്ച് കെ.സി.ആർ
text_fieldsഹൈദരാബാദ്: ഒമ്പതു വർഷമായി പേരില്ലാതെ ജീവിച്ച തെലങ്കാന സ്വദേശിയായ പെൺകുട്ടിക്ക് ഒടുവിൽ സ്വന്തമായി ഒരു പേര് കിട്ടി. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവാണ് കുട്ടിക്ക് പേര് നിർദേശിച്ചത്.
കുട്ടിയുടെ രക്ഷിതാക്കളായ സുരേഷ്, അനിത ദമ്പതികളുടെ ആഗ്രഹമായിരുന്നു കുട്ടിക്ക് കെ.സി.ആർ തന്നെ പേരിടണം എന്നത്. തെലങ്കാന സംസ്ഥാനത്തിനു വേണ്ടിയുള്ള കെ.സി.ആറിന്റെ പ്രവർത്തനങ്ങളിൽ സുരേഷും അനിതയും സജീവമായി പങ്കാളികളായിരുന്നു. 2013ൽ മകൾ ജനിച്ചപ്പോൾകെ.സി.ആർ നിർദേശിക്കുന്ന പേരിൽ മകൾ അറിയപ്പെടണമെന്ന ആഗ്രഹത്താൽ അവർ കുട്ടിക്ക് പേര് നൽകിയില്ല. കെ.സി.ആറിനെ കാണാനും അവർക്ക് ഇതുവരെ സാധിച്ചില്ല. അതിനാൽ ഒമ്പതു വർഷമായി കുട്ടി പേരില്ലാത്തവളായി തുടർന്നു.
അഞ്ചാം ക്ലാസുകാരിയായ കുട്ടിക്ക് പേരിനു പകരം പെൺകുട്ടി എന്നതിന് പ്രദേശത്തുകാർ ഉപയോഗിക്കുന്ന 'ചിട്ടി' എന്ന വാക്കാണ് ഉപയോഗിച്ചിരുന്നത്. ആധാറിലും ചിട്ടി എന്നാണ് നൽകിയത്. അവളുടെ നാട്ടുകാർ അവളെ കെ.സി.ആർ എന്ന് വിളിച്ചു.
തെലങ്കാന രാഷ്ട്രസമിതി നേതാവും എം.എൽ.എയുമായ മധുസൂദനാചാരി പെൺകുട്ടിയെ കുറിച്ച് അടുത്തിടെ അറിയാനിടയായി. തുടർന്ന് അദ്ദേഹമാണ് പെൺകുട്ടിയെയും രക്ഷിതാക്കളെയും മുഖ്യമന്ത്രിയുടെ വസതിയായ പ്രഗതി ഭവനിൽ എത്തിച്ചത്.
അങ്ങനെ കെ.സി.ആർ ഒമ്പതു വയസുകാരിക്ക് പേരിട്ടു; 'മഹതി'. മുഖ്യമന്ത്രിയും ഭാര്യയും കുട്ടിക്കും രക്ഷിതാക്കൾക്കും സമ്മാനങ്ങൾ നൽകുകയും കുട്ടിയുടെ വിദ്യാഭ്യാസ ചെലവുകൾ മുഖ്യമന്ത്രി ഏറ്റെടുക്കുകയും ചെയ്തു. കെ.സി.ആറിന്റെ നടപടിയിൽ സുരേഷും കുടുംബവും സന്തോഷവും നന്ദിയും പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

