ഹൈദരാബാദ്: രാജ്യത്ത് മദ്യഉപേയാഗം കുറക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ആവശ്യമായ നയം രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സി.പി.െഎയുടെ കത്ത്. ഇത്തരമൊരു നയം നിലവിലില്ലാത്തതിനാൽ മിക്ക സംസ്ഥാനങ്ങളും മദ്യം നിർലോഭം നിർമിക്കാൻ പ്രോത്സാഹനം നൽകുന്നതായും ഇത് പ്രധാന വരുമാനമാർഗമായി കാണുന്നതായും സി.പി.െഎ ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡി അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.
‘‘രാജ്യത്ത് ഒാരോ 96 മിനിറ്റിലും ഒരാൾ മദ്യത്തിനടിപ്പെട്ട് മരിക്കുന്നു. ലക്ഷക്കണക്കിന് പേർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാവുകയും കുടുംബ കലഹങ്ങൾക്ക് ഇടയാക്കുകയും ചെയ്യുന്നു. കുറ്റകൃത്യങ്ങൾക്കും അപകടങ്ങൾക്കും പ്രധാന കാരണങ്ങളിലൊന്ന് മദ്യ ഉപയോഗമാണ്’’-കത്തിൽ പറഞ്ഞു. രാജ്യവ്യാപകമായി മദ്യം നിരോധിക്കണമെന്ന് ഹരജി നൽകിയതിന് ലക്ഷം രൂപ പിഴയിട്ട സുപ്രീംകോടതി നടപടിയെ സൂചിപ്പിച്ച്, മദ്യനിരോധനമെന്നത് നിരർഥകമായ ആവശ്യമല്ലെന്നും സുധാകർ റെഡ്ഡി വ്യക്തമാക്കി. വിശാഖപട്ടണം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചൈതന്യ ശ്രാവന്തി എന്ന സംഘടനക്കാണ് മദ്യ നിരോധനം ആവശ്യപ്പെട്ട് ഹരജി നൽകിയതിന് സുപ്രീംകോടതി പിഴയിട്ടത്.